പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീതി യാത്ര എന്ന പേരില്‍ ബൈക്ക് യാത്ര നടത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഴല്‍നാടന്‍ ഇക്കാര്യം അറിയിച്ചത്.
കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ…
തിരുവനന്തപുരത്തെ PSC ഉദ്യോഗര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. നീതിക്ക് വേണ്ടി യാചിക്കുന്ന അവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരു സാഹസത്തിന് ഒരുങ്ങുകയാണ്.നാളെ രാവിലെ 6 മണിക്ക് നീതി യാത്ര എന്ന പേരില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നു.
PSC ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കൂടെ കൂടാം. ഇതില്‍ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമില്ല…എല്ലാവരുടെയും പിന്തുണ ഉണ്ടാകണം.
ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരത്ത് പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലില്‍ യാത്ര അവസാനിക്കും. യാത്രയ്‌ക്കൊപ്പം പി എസ് സി ഉദ്യോഗാര്‍ഥികളടക്കം നൂറുകണക്കിന് യുവജനങ്ങളും അണിചേരുമെന്ന് കുഴല്‍നാടന്‍ അറിയിച്ചു.
പിഎസ്‌സി യെ മറികടന്ന് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന പിന്‍ വാതില്‍ നിയമനങ്ങളെ തുറന്നു കാണിക്കുന്നതിനും ഉദ്യോഗാര്‍ഥികള്‍ക്ക് നീതി ഉറപ്പാക്കുന്നതിനുമായാണ് യാത്ര. റൈഡ് ഫോര്‍ റൈറ്റ്‌സ് എന്നതാണ് യാത്രയുടെ മുദ്രാവാക്യം.
അധികാരത്തിന്റെ ഇടനാഴികളില്‍ കയറിക്കൂടി സരിത എസ്. നായര്‍ പോലുള്ളവര്‍ നടത്തുന്ന ഉപജാപങ്ങള്‍ക്ക് കുട പിടിക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് കുഴല്‍നാടന്‍ പറയുന്നു. പിഎസ്‌സി എന്നത് പിന്‍വാതില്‍ സരിത കമ്മീഷനായെന്നും അദ്ദേഹം പരിഹസിച്ചു.
സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളുടെ ബന്ധുക്കള്‍ റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ച് യൂണിവേഴ്‌സിറ്റികളിലടക്കം കയറിപ്പറ്റുന്ന ലജ്ജാകരമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടും മുഖ്യമന്ത്രി അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ക്ക് നിയമപരവും രാഷ്ട്രീയവുമായുള്ള പോരാട്ടങ്ങള്‍ക്ക് ഇനിയും മുന്‍പന്തിയിലുണ്ടാകുമെന്ന് കുഴല്‍നാടന്‍ വ്യക്തമാക്കി.