തിരുവനന്തപുരം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടി. ലൈഫ് മിഷൻ കോഴ നിയമസഭയിൽ അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചു. മാത്യു കുഴൽ നാടനാണ് വിഷയം സഭയിൽ അവതരിപ്പിച്ചത്.
മുഖ്യമന്ത്രിയെ മാത്യു കുഴൽനാടൻ വെല്ലുവിളിച്ചു. ശിവശങ്കറിന്റെ വാട്സാപ്പ് ചാറ്റുകൾ നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് മാത്യു ചോദിച്ചു.
ലൈഫ് മിഷൻ കോഴക്കേസിൽ എം. ശിവശങ്കറിന്റെ അറസ്റ്റ് സഭ നിർത്തിവച്ച് ചർച്ച ചെയ്യണം. ലൈഫ് മിഷനിൽ നടന്നത് ഏറ്റവും ശാസ്ത്രീയമായ അഴിമതിയാണ്.
മുഖ്യമന്ത്രിയുടെ ഇടതും വലതും നിന്നവരാണ് പ്രതികൾ. ശിവശങ്കറും മുഖ്യമന്ത്രിയും സ്വപ്നയും ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയിട്ടുണ്ടെന്നും മാത്യു ആരോപിച്ചു.
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യവും അദ്ദേഹം നിഷേധിച്ചു.
റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ ഇഡിക്കെതിരേ കേസ് കൊടുക്കാൻ മുഖ്യമന്ത്രി തയാറാകണമെന്നും മാത്യു പറഞ്ഞു.
തനിക്ക് കുഴൽനാടന്റെ നിയമോപദേശം വേണ്ടെന്ന് മുഖ്യമന്ത്രിയും തിരിച്ചടിച്ചു. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന വാട്സാപ്പ് ചാറ്റുകൾക്ക് മുഖ്യമന്ത്രി മറുപടി പറയണം.
ഇവ സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ അനുവദിക്കണമെന്നും മാത്യു പറഞ്ഞു. ലൈഫ് മിഷൻ കോഴ കേട്ടുകേൾവി മാത്രമാണെന്നും യാതൊരു അടിസ്ഥാനവുമില്ലെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
ലൈഫ് പദ്ധതി സർക്കാരിന്റെ സ്വപ്നസമാനമായ പദ്ധതിയാണ്. ലൈഫിനെതിരേ സംഘടിത ആക്രമണം നടക്കുകയാണെന്നും വീഞ്ഞും കുപ്പിയും പഴയതുതന്നെയാണെന്നും മന്ത്രി പരിഹസിച്ചു. ഭരണപക്ഷ ബഹളത്തെ തുടർന്ന് സഭ ഏറെ നേരം നിർത്തിവച്ചു.