തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎമ്മിനെ കുഴല്‍നാടന്‍ വെല്ലുവിളിച്ചു.
എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. വിയര്‍പ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം പറ്റുന്നവരാണ്.
തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സിപിഎം തയാറാകുമോയെന്നും എംഎല്‍എ ചോദിച്ചു.
ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നല്‍കി വാങ്ങിയതിനാലാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്‌നമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.