തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് മാത്യു കുഴൽനാടൻ എംഎൽഎ. താൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞ കാര്യങ്ങൾ അസംബന്ധമാണെന്ന് തെളിയിക്കണമെന്ന് മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്ന് കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ എക്സാലോജിക് സൊലൂഷൻസ് കന്പനിയുടെ വെബ്സൈറ്റിൽ കുറിച്ചിരുന്നതിന്റെ തെളിവുകളും മാത്യു കുഴൽനാടൻ ഇന്ന് പുറത്തുവിട്ടു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ വ്യക്തിപരമായ കാര്യങ്ങൾ അല്ല താൻ സഭയിൽ പറഞ്ഞത്. 2020 മേയ് 20ന് വീണയുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് ഡൗണായി.
ഏകദേശം ഒരുമാസം ആ വെബ്സൈറ്റ് ലഭിക്കുന്നില്ലായിരുന്നു. 2020 ജൂണ്‍ 20-നാണ് സൈറ്റ് തിരികെ വന്നത്. വീണ്ടും പരിശോധിക്കുന്പോൾ മേയ് 20ന് ഉണ്ടായിരുന്ന പല വിവരങ്ങളും അതിൽ ഉണ്ടായിരുന്നില്ല.
വെബ്സൈറ്റ് ഡൗണ്‍ ആയ സമയത്ത് നിർണായക വിവരങ്ങൾ ഒഴിവാക്കിയെന്നും അദ്ദേഹം ആരോപിച്ചു. എന്തിനാണ് വീണ നിർണായക വിവരങ്ങൾ സൈറ്റിൽനിന്ന് ഒഴിവാക്കിയത്. ഇവിടെയാണ് മുഖ്യമന്ത്രി സംശയനിയഴിൽ ആകുന്നതെന്നും കുഴൽനാടൻ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയെ നിയമിച്ചത് പിഡബ്ല്യുസി ആയിരുന്നു. പിഡബ്ല്യുസിയുമായുള്ള സർക്കാർ ഇടപാടുകൾ വേണ്ടത്ര സുതാര്യത ഇല്ലാത്തതാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.