
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കത്തയച്ച് കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്നാടന്.
സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറണമെന്ന് കുഴല്നാടന് പറഞ്ഞു.
മൂന്നു തവണ മത്സരിച്ചവര്‍ക്ക് വീണ്ടും അവസരം നല്‍കരുതെന്നും മഹിള കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് കൂടുതലായി അവസരം നല്‍കണമെന്നും കത്തില്‍ മാത്യു ആവശ്യപ്പെടുന്നു.
കത്തിന്റെ പൂര്‍ണ രൂപം ഇങ്ങനെ…
ബഹുമാനപ്പെട്ട
കെ പി സി സി പ്രസിഡന്റിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവല്ലോ. വിവിധ തലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനുള്ള പാര്‍ട്ടി മീറ്റിങ്ങുകള്‍ നടക്കുന്ന ഈ സമയത്ത് സുപ്രധാനമായ ചില കാര്യങ്ങള്‍ പരാമര്‍ശിച്ചു കൊള്ളട്ടെ.
- തുടര്‍ച്ചയായി ഒരേ വ്യക്തികള്‍ തന്നെ മത്സരിക്കുക കോണ്‍ഗ്രസില്‍ കാണുന്ന ഒരു പ്രവണതയാണല്ലോ. കാലോചിതമായി ഇക്കാര്യത്തില്‍ മാറ്റം വരേണ്ടത് അനിവാര്യമാണ്. മൂന്നു തവണ തുടര്‍ച്ചയായി മത്സരിച്ചവരെ മാറ്റി പുതിയ പ്രവര്‍ത്തകര്‍ക്ക് അവസരം നല്കുവാനുള്ള നിര്‍ദ്ദേശമുണ്ടാകേണ്ടത് ഉചിതമായിരിക്കും. ഇത് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശവും പരിശ്രമ ത്വരയും സര്‍വോപരി പാര്‍ട്ടിയിലുള്ള വിശ്വാസവും വര്‍ധിപ്പിക്കും.
- സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കുടുംബങ്ങളോടുള്ള സ്നേഹം വര്‍ധിതമായി പ്രകടമാക്കുന്ന തെരഞ്ഞെടുപ്പാണ് തദ്ദേശ തെരഞ്ഞെടുപ്പ്.വനിതാ, പട്ടികജാതി സീറ്റുകളില്‍ വിശേഷിച്ച് ഇത് പ്രകടമാണ്. സ്വന്തം കുടുംബം എന്ന കാഴ്ചപ്പാട് മാറ്റി കോണ്‍ഗ്രസ് എന്ന കുടുംബത്തിലെ മഹിള കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് തുടങ്ങിയ പോഷക സംഘടനകള്‍ക്ക് കൂടുതലായി അവസരം നല്‍കുന്നത് നന്നായിരിക്കും.
മേല്‍പ്പറഞ്ഞ വിഷയങ്ങളില്‍ അടിയന്തിരമായി ഇടപെട്ട് ഉചി
തമായ മാര്‍ഗനിര്‍ദ്ദേശം പാര്‍ട്ടിയുടെ താഴെ തട്ടിലേക്കു നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.
സ്നേഹപൂര്‍വം
ഡോ.മാത്യു കുഴല്‍നാടല്‍
(കെ പി സി സി ജനറല്‍ സെക്രട്ടറി)