താമസിക്കുന്നത് ചെറ്റക്കുടിലില്‍! ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഈ വ്യക്തിയുടെ ഏറിയ ദിനങ്ങളും ഹിമാലയത്തില്‍; ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്റെ ജീവിതരീതിയില്‍ അമ്പരന്ന് ലോകം

മാത്യു റിക്കാര്‍ എന്ന ബുദ്ധ സന്ന്യാസിയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തിരയുന്നതിന്റെ തിരക്കിലാണിപ്പോള്‍ ലോകം. കാരണം മറ്റൊന്നുമല്ല, ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷം അനുഭവിക്കുന്ന ലോകത്തെ ഏറ്റവും ആനന്ദമുള്ള മനുഷ്യനാരെന്നു ഗൂഗിളിനോടു ചോദിച്ചാല്‍ ഇപ്പോള്‍ ഉത്തരം ലഭിക്കുന്നത് ഇദ്ദേഹത്തിന്റെ നാമമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ അനുകമ്പയാണ് ആനന്ദത്തിലേക്കുള്ള വഴി. ആ വഴി തിരിഞ്ഞാണു റിക്കാര്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഫ്രാന്‍സില്‍ നിന്നു ഹിമാലയത്തിലേക്കും ടിബറ്റന്‍ ബുദ്ധിസത്തിലേക്കും എത്തിച്ചേര്‍ന്നത്. പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു മോളിക്യുലര്‍ ജനറ്റിക്‌സില്‍ ഡോക്ടറേറ്റ് നേടിയ റിക്കാര്‍ ഇപ്പോള്‍ കഴിയുന്നത് ഹിമാലയത്തിലെ ചെറിയൊരു കുടിലിലാണ്.

നൈമിഷികമായ സന്തോഷങ്ങളെ ആജീവനാന്തമായി തെറ്റിദ്ധരിച്ച് അവയില്‍ മനസര്‍പ്പിച്ചശേഷം അവ പെട്ടെന്ന് ഇല്ലാതാവുമ്പോള്‍ മനസ് മടുക്കുന്നവരാണ് ഇന്ന് കൂടുതലെന്നാണ് അദ്ദേഹം പറയുന്നത്. അതാണ് മാറേണ്ടത്. ഞാന്‍ ഞാന്‍ എന്ന ചിന്ത മാറ്റിയാല്‍ തന്നെ ജീവിതത്തില്‍ സന്തോഷം കുമിഞ്ഞുകൂടും. മനസ്സുകൊണ്ടും ശരീരം കൊണ്ടും അപരനോട് ദയയും കാട്ടണം.

സന്തോഷത്തിന്റെ കാര്യത്തില്‍ പിന്നെ നമ്മെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. സന്ന്യാസി പറയുന്നു. പതിയെ പതിയെ മനസ്സിനെ ഒരുക്കിയെടുത്താലേ ആനന്ദത്തിലേക്ക് എത്താനാകൂവെന്നാണ് അദ്ദേഹം പറയുന്നത്. ദിവസവും 15 മിനിറ്റ് ശുഭകരമായ കാര്യങ്ങള്‍ മാത്രം ആലോചിക്കുക. നല്ല കാര്യങ്ങള്‍ കൊണ്ടു മനസ്സു നിറയ്ക്കുക. രണ്ടാഴ്ചയാകുമ്പോഴേക്കും മനസ്സു മാറിത്തുടങ്ങും. മാത്യുവിന്റെ വഴിയതാണ്.

Related posts