മുണ്ടക്കയം: കഴിഞ്ഞ 32 വർഷമായി മുണ്ടക്കയം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ അധ്യാപകനായി സേവനം അനുഷ്ഠിക്കുന്ന മാത്യു സ്കറിയ സാർ പടിയിറങ്ങുന്നത് ചരിത്ര നേട്ടവുമായി. മുണ്ടക്കയം വണ്ടൻപതാൽ മാപ്പിളകുന്നേൽ മാത്യു സ്കറിയ തന്റെ ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിലാണ് മുണ്ടക്കയം സെന്റ് ആന്റണീസ് സ്കൂളിൽ എത്തുന്നത്.
1983ല് സ്കൂളിൽ നിന്നു എസ്എസ്എൽസി പാസായ ഇദ്ദേഹം ഉപരിപഠനത്തിനുശേഷം ഇതേ സ്കൂളിൽ തന്നെ അധ്യാപകനായി 1992ൽ നിയമിതനായി. 2014 ൽ മാത്യു സ്കറിയ പ്രധാന അധ്യാപകനായി ചുമതലയേറ്റു. ഒന്പതു വർഷത്തെ സേവനത്തിന് ശേഷം സ്കൂളിൽ നിന്നു പടിയിറങ്ങുമ്പോൾ 48 വിദ്യാർഥികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാനായത്.
സ്കൂളിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയമാണിത്. കൂടാതെ പ്രധാന അധ്യാപകനായി ചുമതലയേറ്റ വർഷം മുതൽ കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ വരെ സ്കൂളിന് 100 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്. സ്കൂൾ മാനേജ്മെന്റും മികച്ച പിന്തുണയാണ് അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകുന്നത്.
ചരിത്ര നേട്ടങ്ങളുമായി മാത്യു സ്കറിയ സാർ സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ പടിയിറങ്ങുമ്പോൾ ഓർത്തുവയ്ക്കുവാൻ ഒരുപാട് അനുഭവങ്ങളാണുള്ളത്.
ഭാര്യ ടീന എ.എം. (ഹെഡ്മിസ്ട്രസ് ആർവിജി എച്ച്എസ്, ചേനപ്പാടി). മക്കൾ: റിയ മേരി മാത്യു (സ്കിൽ കോഴ്സുകളുടെ എക്സ്റ്റേണൽ എക്സാമിനർ), ജോ മാത്യു (ഒമ്പതാം ക്ലാസ് വിദ്യാർഥി).