ആലുവ: ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനങ്ങളെ ചിലർ ദുർവ്യാഖ്യാനിക്കാൻ ശ്രമിക്കുന്നതായും ഇതിനെതിരേ മതേതര വിശ്വാസികൾ സംഘടിക്കണമെന്നും മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗുരുദർശനത്തിലെ ജാതി മീമാംസ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഗുരുവിന്റെ ദർശനം പ്രായോഗികമല്ലെന്ന് പ്രചരിപ്പിക്കുന്നവർക്ക് ലക്ഷ്യങ്ങൾ പലതാണെന്നും മന്ത്രി പറഞ്ഞു. ജാതിയും മതവും നോക്കാതെ മനുഷ്യർക്ക് വേണ്ടിയാണ് ശ്രീനാരായണ ഗുരു പ്രവർത്തിച്ചത്. 1924ൽ ഏഷ്യയിലെ ആദ്യ സർവമത സമ്മേളനം ഗുരു വിളിച്ചപ്പോൾ പലരുടെയും നെറ്റി ചുളിച്ചിട്ടുണ്ടാകും.
വിവിധ മതങ്ങൾ തമ്മിൽ സൗഹൃദമുണ്ടെങ്കിലും ഇവർ ഒരേ വേദി പങ്കിടുന്നത് അപൂവ്വമാണ്. അതിനുള്ള വേദിയൊരുക്കുകയെന്ന ചരിത്രപരമായ കടമയാണ് ഗുരു നിർവഹിച്ചത്. ഒരു മതവും തമ്മിലടിക്കാൻ പറയുന്നില്ല, എന്നാൽ ഇപ്പോൾ മതത്തിന്റെ പേരിൽ പലരും തമ്മിലടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.