പത്തനംതിട്ട: വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ട വിവിധ സർട്ടിഫിക്കറ്റുകളും ആധാരം അടക്കമുള്ള വിവിധ രേഖകളും സൗജന്യമായി നൽകുന്നതിന് സർക്കാർ സംവിധാനം ഒരുക്കുമെന്ന് മന്ത്രി മാത്യു ടി തോമസ്. ഇതിനായി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കും. തിരുവല്ല താലൂക്കിലെ വിവിധ ക്യാന്പുകളിൽ സന്ദർശനം നടത്തവേ ജനങ്ങൾ ഉന്നയിച്ച പരാതിയിലായിരുന്നു മന്ത്രിയുടെ മറുപടി.
കേരളം കണ്ടിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ, ജനങ്ങൾ ഒറ്റക്കെട്ടായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടതു കൊണ്ടാണ് വലിയ ആളപായം ഉണ്ടായില്ല. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ധാരാളം സഹായങ്ങൾ ലഭിക്കുന്നുണ്ട്.
ഇത് മനുഷ്യ നന്മയുടെ പ്രത്യക്ഷ ഉദാഹരണമാണെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. എന്നാൽ, ഇനിയും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.