പുറമറ്റം: പ്രളയത്തിൽ നഷ്ടമായതെല്ലാം തിരികെപിടിക്കുന്നതിൽ ഒരുമയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി മാത്യു ടി. തോമസ്. പുറമറ്റം ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും ഒരുപോലെ മെച്ചപ്പെടുത്തണമെന്നാണ് സർക്കാർ നയമെന്നു മന്ത്രി പറഞ്ഞു. അടുത്ത വർഷം മധ്യവേനൽ അവധിക്ക് കുട്ടികൾ പോകുന്പോൾ തന്നെ തുടർവർഷത്തെ പുസ്തങ്ങൾ കുട്ടികൾക്ക് നൽകാനാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
നബാർഡ് ഫണ്ടിൽ നിന്നും അനുവദിച്ച 98.40 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്നതാണ് പുതിയ കെട്ടിടം. ഓഫീസ് മുറി ഉൾപ്പെടെ അഞ്ച് മുറികളുള്ള കെട്ടിടമാണ് ആദ്യഘട്ടത്തിൽ നിർമിക്കുക. മൂന്ന് നില കെട്ടിടമാണ് സ്കൂളിന്റെ സുഗമമായ പ്രവർത്തനത്തിന് ആവശ്യം.
തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായവും ഉറപ്പ് നൽകിയാണ് മന്ത്രി മടങ്ങിയത്. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിന്റെ അഞ്ച് ക്ലാസ് മുറികളിൽ രണ്ടെണ്ണം കഴിഞ്ഞ വർഷം മെയ് 30ന് തകർന്നിരുന്നു. ശോചനീയമായ മൂന്ന് മുറികളും നീക്കം ചെയ്ത് ഇതേ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പുറമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെനി സനൽ അധ്യക്ഷത വഹിച്ചു.