പാലാ: എൺപതിന്റെ ചെറുപ്പവുമായി ട്രാക്കിൽ മിന്നൽ കുതിപ്പായി മാത്യു. മെഡലുകള്‍ വാരിക്കൂട്ടി പോരാട്ട വീര്യവുമായി കായിക കേരളത്തിന് അഭിമാനമാവുകയാണ് മാസ്റ്റേഴ്സ് താരം പാലാ ഇലഞ്ഞിമറ്റത്തില് മാത്യു എന്ന എൺപതുകാരൻ.
കഴിഞ്ഞ മേയില്‍ നടന്ന ആദ്യ സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു സ്വര്‍ണ മെഡലുകളാണ് മാത്യു നേടിയത്.
സംസ്ഥാന അത്ലറ്റിക് അസോസിയേഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് സര്‍വകലാശാല സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍.
കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് എത്തിയ മാത്യു, 75 വയസിനു മുകളിലുള്ളവരുടെ 400 മീറ്റര്‍, 200 മീറ്റര്‍ ഓട്ടങ്ങളില്‍ സ്വര്‍ണം നേടിയതാണ് നേട്ടങ്ങളുടെ പട്ടികയില്‍ അവസാനത്തേത്.
പരിശീലകനായ ഡോ. തങ്കച്ചന് മാത്യുവിന്റെ കീഴിലാണ് മാത്യുവിന്റെ പരിശീലനം. ഇദ്ദേഹമാണ് കോട്ടയം ജില്ലാ ടീം മാനേജരും കോച്ചും.
പാലാ സ്വദേശിയായ മാത്യു ഇപ്പോള്‍ മുണ്ടക്കയത്താണ് സ്ഥിരതാമസം. വിളക്കുമാടം സെന്റ് ജോസഫ്സ് സ്കൂളിലായിരുന്ന മാത്യുവിന്റെ പഠനവും കായികപരിശീലന കേന്ദ്രവും.
കുട്ടിക്കാലത്തുതന്നെ പഠനത്തോടൊപ്പം കായികമത്സരങ്ങളിലും മാത്യു കഴിവു തെളിയിച്ചിരുന്നു. മലബാര്‍ സ്പെഷല്‍ പോലീസില്‍ 15 വര്‍ഷക്കാലം സേവനം അനുഷ്ഠിച്ചു.
45 വയസു മുതല്‍ മാസ്റ്റേഴ്സ് മത്സരങ്ങളില്‍ പങ്കെടുത്തു തുടങ്ങിയിരുന്നു. 80-ലേറെ മെഡലുകള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്.
ഭാര്യ ലീലാമ്മയും മക്കളായ സുജയും സാജും മരുമക്കളും കൊച്ചുമക്കളും നല്കുന്ന പിന്തുണയാണ് തന്റെ പ്രേരണയാണ് മാത്യു പറയുന്നു.