മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കൾക്കുള്ള മറുപടിയുമായി മാത്യു കുഴൽനാടൻ ഇന്ന് രാവിലെ 11.30ന് മാധ്യമങ്ങളെ കാണും. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം അറിയിച്ചത്. എന്നെ വിശ്വസിച്ചവരെ നിരാശരാക്കില്ലെന്ന് കുഴൽനാടൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…
മാസപ്പടി/ ജി എസ് ടി വിഷയത്തിൽ ഞാൻ ഉന്നയിച്ച കാര്യങ്ങളിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ടില്ല..
ധനവകുപ്പിന്റെ കത്തിന്റെ പശ്ചാത്തലത്തിൽ ഞാൻ മാപ്പ് പറയണം എന്നാണ് സിപിഎം ആവശ്യപ്പെടുന്നത്. ഈ വിഷയത്തിലെ വസ്തുതകളും എന്റെ ബോധ്യവും ഞാൻ നാളെ കേരളത്തിന്റെ പൊതുസമൂഹത്തിന് മുമ്പിൽ വിശദീകരിക്കും.
വിശദമായി തന്നെ നമുക്ക് പരിശോധിക്കാം. എന്നിട്ട് പൊതുജനം തീരുമാനിക്കട്ടെ ഞാൻ മാപ്പ് പറയണോ വേണ്ടയോ എന്ന്. എന്റെ ഭാഗം ബോധ്യപ്പെടുത്താൻ ആയില്ലെങ്കിൽ മാപ്പ് പറയാൻ മടിക്കില്ല.
അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല. ജിഎസ്ടിയുടെ പേരിൽ മാസപ്പടി അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ ബോധപൂർവ്വമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അത് അനുവദിക്കില്ല..