കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര കമ്പനി കാര്യമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടതില്‍ പ്രതികരണവുമായി മാത്യു കുഴല്നാടൻ എം.എല്‍.എ.
വീണാ വിജയന്റെ കമ്പനിക്കെതിരേ കേന്ദ്ര അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ സിപിഎമ്മും വ്യവസായമന്ത്രി പി. രാജീവും നിലപാട് വ്യക്തമാക്കണമെന്നു മാത്യു കുഴല്നാടന്. കരിമണല്‍ കമ്പനിക്ക് അനധികൃതമായി ലാഭമുണ്ടാക്കാന്‍ വ്യവസായ വകുപ്പ് കൂട്ടുനിന്നിട്ടുണ്ടെന്നും വ്യവസായ മന്ത്രി ഇതേക്കുറിച്ച് മറുപടി പറയണമെന്നും അദ്ദേഹം മാധ്യമങ്ങളോടു സംസാരിക്കവേ പറഞ്ഞു.
വീണാ വിജയന് ആദ്യം തുടങ്ങിയ കമ്പനിയുടെ പ്രവര്‍ത്തനം ദുരൂഹമാണ്. കടലാസുകമ്പനി പോലെയാണ് അതു പ്രവര്‍ത്തിച്ചത്. കമ്പനി പ്രവര്‍ത്തനം സുതാര്യമല്ലെന്നും നിയമലംഘനം നടക്കുന്നുണ്ടെന്നും സൂചിപ്പിച്ച് താന്‍ രംഗത്തെത്തിയിരുന്നു.
ഈ വിഷയം ഉയര്‍ന്നപ്പോള്‍ വീണയുടെ കമ്പനിയായ എക്സാലോജിക്കിനായി പ്രതിരോധം തീര്‍ക്കുകയാണ് സിപിഎം ചെയ്തത്. ആദ്യമായി വിഷയം ഉയര്‍ന്നപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയുമായി രംഗത്തെത്തി. രണ്ടു കമ്പനികളുടേതും സുതാര്യമായ ഇടപാടാണെന്നും ദുരൂഹതയില്ലെന്നും പറഞ്ഞായിരുന്നു സിപിഎം പ്രതിരോധം.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ അര്‍ധരാത്രിയില്‍ പോലീസ് വീടുവളഞ്ഞ് അറസ്റ്റ് ചെയ്തപ്പോള്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത്. ഇപ്പോള്‍ വീണയുടെ വിഷയത്തിലും അസ്വാഭാവികമായി ഒന്നുമില്ലെന്നാണോ റിയാസിനു പറയാനുള്ളതെന്ന് അദ്ദേഹം ചോദിച്ചു.
എക്സാലോജിക്കിനു പുറമേ കെഎസ്ഐഡിസിയോടും കേന്ദ്ര സര്‍ക്കാര്‍ നിലപാട് തേടിയിരുന്നു. നോട്ടീസിനു കൃത്യമായി മറുപടി നല്‍കിയില്ല. കെഎസ്ഐഡിസിക്ക് എന്തു നോട്ടീസാണ് വന്നതെന്നും എന്താണ് മറുപടി പറഞ്ഞതെന്നും മന്ത്രി പി. രാജീവ് വ്യക്തമാക്കണം.
കരിമണല്‍ കമ്പനിയായ സിഎംആര്‍എലുമായി ബന്ധപ്പെട്ട് കോടികളുടെ ഇടപാടാണ് നടന്നത്. അനധികൃത ഇടപാടിന് സംസ്ഥാന വ്യവസായ വകുപ്പ് കൂട്ടുനില്‍ക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മറുപടി പറയാനുള്ള ഉത്തരവാദിത്തം മന്ത്രി രാജീവിനുണ്ട്. ചെയ്യാത്ത സേവനത്തിനു കരിമണല്‍ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയെന്നാണ് നിലവിലെ കണ്ടെത്തല്‍. ഈ ആരോപണത്തില്‍ വീണാ വിജയനോ അവരുടെ കമ്പനിയായ എക്സാലോജിക്കോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
സിപിഎമ്മിനു പകരം വീണ മറുപടി പറയേണ്ട സാഹചര്യമാണ് വന്നെത്തിയതെന്നും കുഴല്‍ നാടന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ അന്വേഷണത്തെ അമിത ആവേശത്തോടെ കാണുന്നില്ല. സ്വര്‍ണക്കടത്ത് കേസ് കേന്ദ്രം സത്യസന്ധമായി അന്വേഷിച്ചില്ല. ഇപ്പോഴത്തെ അന്വേഷണത്തില്‍ കൂടുതല്‍ വിവരം പുറത്തുവരുമെന്നാണ് പ്രതീക്ഷ. ആത്യന്തികമായി കോടതിയിലാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.