ചാവക്കാട്: കടലേറ്റവും കോവിഡും മൂലം മീൻവില കുതിക്കുന്നു. ന്യൂനമർദത്തെതുടർന്ന് കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യബന്ധനം നിലച്ചതും കോവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മത്സ്യകേന്ദ്രം അടച്ചതും പുറമെ നിന്നുള്ള മത്സ്യങ്ങളുടെ വരവ് ഭാഗികമായി നിലച്ചതും മത്സ്യക്ഷാമം രൂക്ഷമാക്കുകയും വില കൂടുകയും ചെയ്തു.
അയിലയും മറ്റു പല മീനുകളും കിട്ടാനില്ലാത്ത സ്ഥിതിയാണിപ്പോൾ.
ചാളയ്ക്ക് 200 മുതൽ 240 വരെയാണു വില. കുടുതയ്ക്കു 200 മുതലാണു വില. കഴിഞ്ഞയാഴ്ച ചാളയും അയിലയും ഉൾപ്പടെ ചെറുതും വലുതുമായ മീനുകൾ ധാരാളമായി ലഭിച്ചപ്പോൾ മീനുകളുടെ വില ഇടിഞ്ഞിരുന്നു.
വലിയ അയില കിലോയ്ക്ക് 120, ചെറുത് 100, ചാള 60 മുതൽ 100 രൂപ വരെ, പലവക മീനുകൾ കിലോയ്ക്ക് 50 രൂപ എന്നിങ്ങനെയായിരുന്നു പോയ ആഴ്ചയിൽ വില.
മത്സ്യം സമൃദ്ധമായി ലഭിച്ചുകൊണ്ടിരിക്കുന്നതിനിടെ മുനക്കക്കടവിൽ ഒരു തൊഴിലാളിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ ഫിഷ് ലാൻഡിംഗ് സെന്റർ അടച്ചു. കടപ്പുറം പഞ്ചായത്തിലെ രണ്ടു വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ കടപ്പുറം പഞ്ചായത്തിൽ കൂടുതൽ പേർക്കു കോവിഡ് സ്ഥിരീകരിച്ചു.
മുനക്കക്കടവിൽ നിന്നും മത്സ്യബന്ധനം മാറ്റി നാടൻ വള്ളങ്ങളും ഫൈബർ വള്ളങ്ങളും ബ്ലാങ്ങാട്, എടക്കഴിയൂർ ഭാഗങ്ങളിൽ കേന്ദ്രീകരിച്ച മത്സ്യബന്ധനം ശക്തമാക്കുന്നതിനിടെയാണു ന്യൂനമർദം ശക്തമായതിനെ തുടർന്ന് കടൽക്ഷോഭം രൂക്ഷമായത്. ഇതോടെ മത്സ്യബന്ധനം നിലച്ചു.
ഇതിനിടെ ബ്ലാങ്ങാട് മത്സ്യമൊത്ത മാർക്കറ്റിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വന്നതോടെ പോലീസ് നടപടികൾ ശക്തമാക്കി. ചിലപ്പോഴൊക്കെ പോലീസിനു സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ലാത്തി വീശേണ്ടിയും വന്നു. ഇതോടെ മത്സ്യമാർക്കറ്റിന്റെ പ്രവർത്തനം ഭാഗികമായി. മത്സ്യത്തിന്റെ വരവു കുറഞ്ഞതും വില കൂടാൻ കാരണമായി.