താമരശേരി: നഗരത്തിലും ജില്ലയിലെ മിക്ക സ്ഥലങ്ങളിലും ഒരു കിലോ മത്തിക്ക് നൂറ് മുതൽ നൂറ്റി അറുപത് രൂപവരെ വിലയീടാക്കുന്പോൾ അടിവാരത്ത് 50രൂപയ്ക്ക് രണ്ടര കിലോ മത്തി !.
20 രൂപയ്ക്ക് ഒരു കിലോ പിടയ്ക്കുന്ന മത്തി കിട്ടുന്നത് കേട്ടറിഞ്ഞ് വാങ്ങാനെത്തുന്നവരുടെ വൻതിരക്കായിരുന്നു ഇവിടെ. ട്രോളിംഗ് നിരോധനം നീക്കിയിട്ടും മത്സ്യത്തിന് വിലകുറയാത്ത സാഹചര്യത്തിലാണ് അടിവാരത്തെ യുവാക്കളായ യൂസഫ് പുളിക്കലും ഷാജഹാനും ചേർന്ന് ഉദാര വിലയ്ക്ക് മത്സ്യം വിൽക്കുന്നത്.
കൊയിലാണ്ടി കടപ്പുറത്ത് നിന്നാണ് മത്സ്യം എത്തിക്കുന്നത്. കോരയുടെ ഉപവിഭാഗമായ സിൽക്ക് മീനിന് 60 രൂപയാണ് വില. വാഹനത്തിൽ വച്ചാണ് വിൽപ്പന. ഈ വിലയ്ക്ക് വിറ്റാലും സാമാന്യം മെച്ചപ്പെട്ട ലാഭമുണ്ടെന്ന് ഇവർ പറയുന്നു.