കോട്ടയം: റിക്കാഡുകള്‍ തേടി കുതിച്ച മത്തിവില ഒടുവില്‍ താഴേക്ക്. ഒരാഴ്ച മുന്‍പ് വരെ കിലോയ്ക്ക് 400 രൂപയോളമെത്തിയിരുന്ന മത്തിവില ഇന്നലെയോടെ പകുതിയായി കുറഞ്ഞു.കോട്ടയത്ത് ഇന്നലെ മത്തിക്ക് 180-250 രൂപയാണു വില. അടുത്തദിവസങ്ങളില്‍ വില ഇനിയും കുറയുമെന്നാണു കച്ചവടക്കാര്‍ പറയുന്നത്. വില ഉയര്‍ന്നതോടെ മത്തിയെ കൈവിട്ട സാധാരണക്കാര്‍ വീണ്ടും മത്തിയിലേക്ക് ആകൃഷ്ടരായിട്ടുണ്ട്. വില കുറഞ്ഞതോടെ മത്തിക്ക് ആവശ്യക്കാരും വര്‍ധിച്ചു.
മത്തിവില സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിലോക്ക് 400 വരെയായി കുതിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞിരുന്നു. മത്സ്യബന്ധന വള്ളക്കാര്‍ക്ക് മീന്‍ ലഭ്യത കൂടിയതും കടലില്‍ പോകാന്‍ അനുകൂലമായ കാലവസ്ഥ സംജാതമായതുമാണു വില ഇടിയാന്‍ കാരണമായത്. മഴയും കാറ്റുംമൂലം മത്സ്യബന്ധനത്തിനു വിലക്കുണ്ടായിരുന്നു. ഇത് നീക്കിയതിനൊപ്പം പതിവിനു വിപരീതമായി വലിയതോതില്‍ മത്തിയും ലഭിച്ചു.
സാധാരണ ഈ സീസണില്‍ ചെമ്മീന്‍, നത്തോലി മീനുകളാണു വള്ളക്കാര്‍ക്ക് വലിയ രീതിയില്‍ ലഭിക്കാറുണ്ടായിരുന്നത് ഇത്തവണ മത്തിയും ലഭിച്ചു.കഴിഞ്ഞദിവസങ്ങളില്‍ കണ്ണൂര്‍, കോഴിക്കോട്, വടകര ഭാഗങ്ങളില്‍ മത്തിക്ക് കിലോയ്ക്ക് 100 രൂപവരെയായി വില താഴ്ന്നിരുന്നു. അയല വിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. കോട്ടയത്ത് കിലോയ്ക്ക് 300-320 രൂപയാണ്.
വരുംദിനങ്ങളില്‍ അയലയ്ക്കും വില ഇടിഞ്ഞേക്കുമെന്നാണ് സൂചനയെന്ന് വ്യാപാരികള്‍ പറയുന്നു. കിളിമീനിനു ഉയര്‍ന്ന വിലയാണെങ്കിലും ചിലദിവസങ്ങളില്‍ 300 രൂപയ്ക്കുവരെ കച്ചവടം നടക്കുന്നുണ്ട്. വലുതിന് കിലോക്ക് 350 രൂപ വരെയാണു വില. ചെറുതിന് 260 രൂപവരെ നല്‍കണം.
ട്രോളിംഗ് നിരോധനം തുടരുന്നതിനാല്‍ വലിയ മീനിന്റെ വിലയില്‍ കാര്യമായ കുറവില്ലെന്ന് വാങ്ങാനെത്തിയവര്‍ പറയുന്നു. വെള്ള വറ്റ വലുത്-700, കാളാഞ്ചി വലുത്-790, മോത വലുത്-1180, വിള മീന്‍-450 എന്നിങ്ങനെയാണു കോട്ടയത്തെ വില.ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ചെറിയ വ്യത്യാസമുണ്ടാകുമെങ്കിലും കേരയ്ക്ക് 480 രൂപ വരെ കൊടുക്കണം.
കൂരിക്ക് പോലും കിലോയ്ക്ക് 320 രൂപയാണ് വില. ചെറിയ മീനുകളുടെ ലഭ്യത കൂടിയെങ്കിലും വലിയ ഇനങ്ങള്‍ കാര്യമായി ലഭിക്കാത്തതാണു വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്നു കച്ചവടക്കാര്‍ പറയുന്നു.കായല്‍ മീനുകള്‍ക്കും വിലയില്‍ വലിയ വ്യത്യാസം ഉണ്ടായിട്ടില്ല. ഇവയുടെ ലഭ്യത കാര്യമായിട്ട് ഉയര്‍ന്നിട്ടുമില്ല.