പെരുവ: മീൻ വെട്ടി വൃത്തിയാക്കിയതിനേ തുടർന്ന് വീട്ടമ്മയുടെ കൈകൾക്ക് ചൊറിച്ചിൽ ഉണ്ടായതായി പരാതി. കഴിഞ്ഞ ദിവസം പെരുവ മാർക്കറ്റിൽ നിന്നും വാങ്ങിയ മത്തി വെട്ടി വൃത്തിയാക്കിയപ്പോഴാണ് സംഭവം.
കാരിക്കോട് തെക്കേനിരവത്ത് ടി.എ. ജയകുമാറിന്റെ ഭാര്യ മായയുടെ കൈകളാണ് ചൊറിഞ്ഞു തടിച്ചത്. മീൻ വെട്ടിയപ്പോൾ അസഹനീയമായ ദുർഗന്ധം ഉണ്ടായിരുന്നുവെന്നും മായ പറഞ്ഞു.
പെരുവ മാർക്കറ്റിൽ ദിവസങ്ങൾ പഴക്കമുള്ള മീനുകളാണ് വില്പനയ്ക്ക് എത്തിക്കുന്നതെന്ന് പരാതിയുമുണ്ട്. ഇതുസംബന്ധിച്ചു പെരുവയിലെ ഹെൽത്ത് ഇൻസ്പെക്ടർക്ക് പരാതി നൽകിയതായി ജയകുമാർ പറഞ്ഞു.