വൈപ്പിൻ: മത്സ്യ സ്റ്റാളുകളിൽ ഇന്നലെ നാടൻ ചാളയുടെ വില കേട്ട് ആവശ്യക്കാർ ഞെട്ടി. കിലോഗ്രാമിന് 200 രൂപ എന്ന് കേട്ടതോടെ പലരും ഒരിക്കൽ കൂടി ചോദിച്ച് സംശയം തീർത്താണ് സ്റ്റാൾ വിട്ടത്. തീരക്കടലിൽ സംജാതമായ മത്സ്യ വറുതി മൂലം വള്ളങ്ങൾക്ക് വളരെ കുറഞ്ഞ അളവിൽ മാത്രമാണ് മത്സ്യങ്ങൾ ലഭിക്കുന്നത്. ഇതു മൂലമാണ് ഹാർബറുകളിലും മാർക്കറ്റുകളിലും മത്സ്യ വില കുതിച്ചുയർന്നത്.
കടുത്ത വറുതിക്കിടയിൽ ഇന്നലെ കാളമുക്ക് ഗോശ്രീപുരം ഹാർബറിൽ ഏതാനും ചില മത്സ്യബന്ധന വള്ളങ്ങൾ കുറഞ്ഞ അളവിൽ എത്തിച്ച ചാളയാണ് മത്സ്യ വില്പന ചരിത്രത്തിൽ ഇതു വരെ ഇല്ലാത്ത വിലയ്ക്ക് വിറ്റത്. ഹാർബറിൽ തന്നെ കിലോയ്ക്ക് 190 രൂപയോളം വില മതിച്ച ചാള തൊട്ടടുത്ത മത്സ്യ സ്റ്റാളുകളിലാണ് 200 രൂപയ്ക്ക് വിറ്റത്. നാടൻ ചാളയായതിനാലാണ് ഇത്രയ്ക്ക് ഡിമാന്ഡത്രേ. അതേ സമയം, ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചാള 120 രൂപയ്ക്കാണ് വിറ്റഴിച്ചത്.
മത്സ്യമില്ലാത്തതിനാൽ പുതുവൈപ്പ്, മാലിപ്പുറം മേഖലയിലെ പല സ്റ്റാളുകളും ഇന്നലെ അടഞ്ഞു കിടക്കുകയായിരുന്നു. രണ്ട് ദിവസമായി തമിഴ്നാട്ടിലും വറുതി തുടരുന്നതിനാൽ അവിടെ നിന്നു കേരളത്തിലേക്കുള്ള മത്സ്യ വരവ് കുറഞ്ഞതാണ് പ്രാദേശിക മാർക്കറ്റുകളിൽ ചാള ഉൾപ്പെടെയുള്ള മത്സ്യങ്ങൾക്ക് വില കുത്തനെ ഉയരാൻ കാരണമെന്ന് കാളമുക്കിലെ മത്സ്യ വ്യാപാരിയായ സുജിഷ് പറഞ്ഞു.
ട്രോളിംഗ് നിരോധനത്തിന് ശേഷം പൊതുവെ മത്സ്യ വില ഉയർന്നു തന്നെ നില്ക്കുകയാണ്. ട്രോളിംഗ് നിരോധനത്തിന് ശേഷം തീരക്കടലിൽ ആദ്യമായി ഇന്നലെയാണ് നാരൻ ചെമ്മീനിന്റെ സാന്നിധ്യം ഉണ്ടായത്. പുലർച്ചെ പോയി ഉച്ചയോടെ തീരത്തടുത്ത ചില വള്ളങ്ങൾക്ക് കുറഞ്ഞ തോതിൽ നാരൻ ചെമ്മീൻ ലഭിച്ചിരുന്നു.