സ്വന്തം ലേഖകന്‍
കോഴിക്കോട്: കൊറോണയ്ക്കും ലോക്ഡൗണിനുംപുറമേ മത്സ്യക്കച്ചവടത്തിന് ഇരുട്ടടിയായി കാലവര്‍ഷവും. മത്സ്യക്ഷാമവും ബോട്ടുകള്‍ക്ക് കടലില്‍പോകാന്‍ കഴിയാത്ത അവസ്ഥയും മേഖലയെ പൂര്‍ണമായും പിന്നോട്ടടിക്കുകയാണ്.
പ്രധാന മത്സ്യ വില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചതോടെയാണ് മത്സ്യക്ഷാമവും രൂക്ഷമായത്. ചെറുവള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറങ്ങാതായതോടെ മീന്‍ വരവും നിലച്ചു.
നെത്തല, മാന്ത, മത്തി തുടങ്ങിയ മീനുകളൊന്നും കിട്ടാനില്ല. കടല്‍മത്സ്യം കുറഞ്ഞതും അമിത ചൂടും കാരണം ഒന്നുരണ്ടു മാസമായി മത്സ്യബന്ധനം കാര്യമായി നടന്നിട്ടില്ല. ഇപ്പോള്‍ കലിതുള്ളിയ കാലവര്‍ഷവും വിലങ്ങുതടിയായി.
കഴിഞ്ഞ വര്‍ഷത്തെ പ്രളയവും ലോക്ഡൗണും നല്കിയ ദുരിതത്തില്‍ നിന്ന് കരകയറാനുള്ള ശ്രമത്തിനിടെയാണ് വീണ്ടും ലോക്ഡൗണ്‍ എത്തിയത്. അതോടെ പ്രതീക്ഷിച്ചിരുന്ന പെരുന്നാള്‍ കാലത്തെ കച്ചവടവും ഇല്ലാതായി.
ഏറ്റവും കൂടുതല്‍ ഓര്‍ഡറുകള്‍ ഉണ്ടായിരുന്നത് ഹോട്ടലുകളിലേക്കാണ്. എന്നാല്‍ ഹോട്ടലുകള്‍ പാഴ്സല്‍ സംവിധാനമാക്കിയതോടെ ആവശ്യം കുറഞ്ഞു.
സ്പെഷല്‍ മീന്‍ കറിയും പൊരിച്ചതുമെല്ലാം ഓര്‍ഡര്‍ നല്‍കുന്നവരുടെ എണ്ണം കുറവാണെന്നാണ് ഹോട്ടലുടമകളും പറയുന്നത്.
മത്സ്യലഭ്യത കുറഞ്ഞതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മീനുകള്‍ കച്ചവടക്കാര്‍ വലിയ വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ്. ആവോലി, അയക്കൂറ തുടങ്ങിയ വലിയ മത്സ്യങ്ങളെല്ലാം ഗുജറാത്തില്‍ നിന്നാണ് എത്തുന്നത്.
കിലോയ്ക്ക് 350 രൂപയുണ്ടായിരുന്ന ആവോലിക്കിപ്പോള് 500-600 രൂപയാണ്. കിലോയ്ക്ക് 450 രൂപയുണ്ടായിരുന്ന അയക്കൂറ 700-800 രൂപയിലുമെത്തി.
ചെറിയ മത്തി 150-160 രൂപയുണ്ടായിരുന്നത് 300-350 രൂപയിലെത്തി. കോരയ്ക്ക് 180 രൂപയാണ്. വലിയ മത്തി കിട്ടാനുമില്ല.