ചെങ്ങന്നൂർ : നഗരസഭാ കൗൺസിലർ അനധികൃതമായി പൊളിച്ചുനീക്കിയ മതിൽ നഗരസഭയുടെ നേതൃത്വത്തിൽ പുനർനിർമിച്ചു.ചെലവുതുക ബന്ധപ്പെട്ട കൗൺസിലറിൽ നിന്ന് ഈടാക്കാൻ ഔദ്യോഗിക തീരുമാനം. സംഭവം വിവാദമായതോടെ ഭരണകക്ഷിയായ യു ഡി എഫ് വെട്ടിലായി.
വിവാദ കേസിന് ഉത്തരവാദിയായ ഘടകകക്ഷി അംഗത്തെ തളളാനും കൊള്ളാനുമാകാതെ കോൺഗ്രസ് വിയർക്കുന്നു . സീനിയർ നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ടിന്റെ നേതൃത്വത്തിൽ പൊളിച്ചുനീക്കിയ മതിലിന്റെ ഭാഗമാണ് നഗരസഭ ഇന്നലെ പുനർനിർമിച്ചത്.
രാജൻ കണ്ണാട്ടിലിന്റെ വീടിന്റെ തൊട്ടു പിറകുവശത്തായി വരുന്ന നഗരസഭാ ചുറ്റുമതിലിന്റെ ഒരു ഭാഗമാണ് അനധികൃതമായി പൊളിച്ചുനീക്കി സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇറങ്ങാൻ തന്റെ വാടകക്കാരന്റെ സൗകര്യാർഥം പുതിയ വഴി നിർമിച്ചു നൽകുകയായിരുന്നു .
ഇതു സംബന്ധിച്ചു ലഭിച്ച പരാതി അന്വേഷിക്കാൻ സെക്രട്ടറിയടക്കമുള്ള ഉദ്യോഗ സ്ഥരെത്തിയപ്പോൾ നഗരസഭാ ചെയർപേഴ്സന്റെ ഡ്രൈവറെ കൗൺസിലറുടെ വാടകക്കാരനായ തമിഴ്നാട് സ്വദേശിയുടെ നേതൃത്വത്തിൽ മർദിച്ച സംഭവവും കഴിഞ്ഞ ദിവസം അരങ്ങേറിയിരുന്നു .
വിവാദ സംഭവത്തെ തുടർന്ന് പോലിസ് സംരക്ഷണത്തോടെ ഇക്കഴിഞ്ഞ 12 മുതൽ മതിൽ കെട്ടിയടയ്ക്കാൻ നഗരസഭ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പോലിസിന്റെ സജീവ ഇടപെടൽ ഇക്കാര്യത്തിലുണ്ടായില്ല. എതിർകക്ഷി ഇക്കാര്യത്തിൽ സിവിൽ കോടതിയെ സമീപിച്ചെന്നും കോടതി തീരുമാനം വരട്ടെയെന്ന നിലപാടാണ് പോലിസ് സ്വീകരിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറി കഴിഞ്ഞ ദിവസം ജില്ലാ പ്ലീനറുടെ നിയമോപദേശം തേടിയിരുന്നു. ഇതിനിടെ വിഷയം കളക്ടറുടെ ശ്രദ്ധയിലും പെടുത്തിയിരുന്നു. പ്രശ്നത്തിൽ സിവിൽ കോടതിയിൽ നിന്നും കൗൺസിലർക്കനുകൂല വിധിയോ സ്റ്റേയോ ഉണ്ടായതുമില്ല. ഈ പശ്ചാത്തലത്തിൽ ഇന്നലെ നഗരസഭയുടെ നേതൃത്വത്തിൽ മതിൽ പൊളിച്ച ഭാഗം കെട്ടിയടക്കുകയായിരുന്നുവെന്ന് നഗരസഭാസെക്രട്ടറി പറഞ്ഞു.
അതേ സമയം വിവാദമതിൽ പ്രശ്നത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് കോൺഗ്രസ് കൗൺസിലർമാരുടെയും ഒരു വിഭാഗം നേതാക്കളുടെയും അഭിപ്രായം . എന്തായാലും ആരോപണ പ്രത്യാരോപണങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കും വിധം വളരുകയാണെന്ന് നേതാക്കൾ തന്നെ സമ്മതി ക്കുന്നു .