കോഴിക്കോട്: അശാസ്ത്രീയ മണ്ണെടുപ്പ് കാരണം കളക്ടറേറ്റിന്റെ ചുറ്റുമതില്‍ മാനാഞ്ചിറ മലാപ്പറമ്പ് റോഡിലേക്ക് വീഴാറായനിലയില്‍. വെള്ളിമാടുകുന്ന് -മാനാഞ്ചിറ റോഡ് വീതികൂട്ടുന്നതിനായി വിട്ടു നല്കിയ സ്ഥലത്ത് പത്ത് മീറ്ററോളമാണ് മണ്ണെടുത്ത് താഴ്ത്തിയിട്ടും ഇഷ്ടികകൊണ്ട് പണിത പഴയ ചുറ്റുമതില്‍ നിലനിറുത്തിയതാണ് ജനങ്ങള്‍ക്ക് ഭീഷണിയാകുന്നത്.
കനത്ത മഴയില്‍ വെള്ളം കുത്തിയൊലിച്ച് വന്നാല്‍ മതില് തകരും.മതിലിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചു മാറ്റിയതും തറ തന്നെ തുരന്ന് മണ്ണെടുക്കുകയും ചെയ്തതോടെ മതിലിന്റെ ബലം കാര്യമായി കുറഞ്ഞിട്ടുണ്ട്. ഒരുമാസത്തോളമായി ഇവിടെ മണ്ണെടുപ്പ് തുടങ്ങിയിട്ട്.
മതിലിനോട് ചേര്‍ന്ന് ഏറെ ബസ് സ്റ്റോപ്പുണ്ട്. ഇതാണ് സിവില്‍ സ്റ്റേഷനിലെ പ്രധാനപ്പെട്ട ബസ് സ്റ്റോപ്പ്. മതില് തകര്‍ന്നു വീണാല്‍ ഈ ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്നരുടെ ജീവനും ഭീഷണിയാണ്. മതിലിനോട് ചേര്‍ന്നാണ് സിവില്‍ സ്റ്റേഷനിലെ ഓട്ടോ സ്റ്റാന്‍ഡ്. കെഎസ്ഇബിയുടെ ട്രാന്‍സ്ഫോര്‍മറും ഇതിനു സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്.
തുടര്‍ച്ചയായി മണ്ണിടിച്ചിലും അപകടവും നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അവസ്ഥയിലാണ് ദിനംപ്രതി നൂറ് കണക്കിനാളുകള്‍ കടന്നുപോകുന്ന ഇവിടെ അപകടഭീഷണിയുയർത്തി മതിൽ നിൽക്കുന്നത്.
തുടര്‍ച്ചയായി മണ്ണിടിഞ്ഞ് അപകടമുണ്ടായ സാഹചര്യത്തില്‍ പരിശോധനയ്ക്കായി പ്രത്യേക സ്ക്വാഡിനെ നിയമിക്കുമെന്ന് ജില്ല കളക്ടര്‍ പ്രഖ്യാപിച്ചിരുന്നു.
അപ്പോഴാണ് തൊട്ടടുത്തുതന്നെ അശാസ്ത്രീയമായ രീതിയില്‍ മണ്ണെടുത്തതുകാരണം ചുറ്റുമതില്‍ ഇടിഞ്ഞുപൊളിഞ്ഞുവീഴാറായിരിക്കുന്നത്.