ആലങ്ങാട്: വെള്ളക്കെട്ട് നീക്കാൻ സ്വകാര്യ ഫ്ലാറ്റിന്റെ മതിൽ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും തടഞ്ഞുവച്ചു. ഇന്നലെയായിരുന്നു സംഭവം.കൃഷിമന്ത്രി മന്ത്രി സുനിൽകുമാറും കളമശേരി എംഎൽഎ ഇബ്രാഹിം കുഞ്ഞും വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിലും തിരുവാലൂരിലെ ഫ്ലാറ്റ് നിർമാണം നടത്തിയിരിക്കുന്ന സ്ഥലത്തും സന്ദർശനം നടത്തിയിരുന്നു.
തിരുവാലൂരിലെ ഫ്ലാറ്റ് സമുച്ചയത്തിൽ അനധികൃതമായി നിർമിച്ച മതിൽക്കെട്ടിന്റെ ഒരു ഭാഗം ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പൊളിച്ചുമാറ്റൻ കൃഷിമന്ത്രി നിർദേശിച്ചിരുന്നു. സന്ദർശനം നടത്തിയ മന്ത്രി മടങ്ങിയെങ്കിലും നാട്ടുകാർ ആരും തന്നെ മതിൽ പൊളിച്ച് മാറ്റൻ തയാറായില്ല. മതിൽ പൊളിച്ചു മാറ്റണമെന്ന ആവശ്യവുമായി രോഷാകുലരായ നാട്ടുകാർ ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് രാധാമണി ജെയ്സിംഗിനെയും പഞ്ചായത്ത് സെക്രട്ടറിയേയും തടഞ്ഞുവച്ചു.
ഈ ഭാഗത്തെ മതിൽ പൊളിച്ച് മാറ്റി എളമനത്തോടിന് വീതി കൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉടൻ ആലങ്ങാട് പോലീസ് സംഭവസ്ഥലത്തെത്തി. ഈ പ്രദേശത്ത് 200 ഓളം കുടുംബങ്ങൾ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഇവരുടെ വീടുകളിൽനിന്നു വെള്ളം ഇറങ്ങിയിട്ടില്ല. ഇന്ന് ഉച്ചയോടെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുമെന്ന് ഫ്ലാറ്റ് പ്രതിനിധികൾ നാട്ടുകാരോടും പോലീസിനോടും പറഞ്ഞു.