ഉദയംപേരൂർ: ഒന്നാം വാർഡിൽ മാലികാടിൽ അടിമപ്പറമ്പ്-മാന്തി തോട് കൈയേറി സ്വകാര്യ വ്യക്തി നിർമിച്ച മതിൽ കോൺഗ്രസ് പ്രവർത്തകർ പൊളിച്ചു. തിങ്കളാഴ്ച തൃപ്പൂണിത്തുറയിൽ വൈക്കം റോഡിൽ ബസ് അപകടത്തിൽ മരിച്ച കൊത്തേത് മാധവന്റെ വീട്ടിലേക്കുള്ള വഴി അടച്ചു കെട്ടിയാണ് മതിൽ നിർമിച്ചിരുന്നത്.
ഈ മതിൽ പൊളിച്ചു നീക്കാൻ ഉദയംപേരൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുകയും കഴിഞ്ഞ ഏപ്രിൽ 20നു മുൻപായി പൊളിക്കാൻ നിർദേശവും നൽകിയിരുന്നു. മതിൽ പൊളിച്ചു നീക്കാൻ ശ്രമിക്കാത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരേ കോൺഗ്രസ് പരാതിയും നല്കിയിരുന്നു. കഴിഞ്ഞ തവണ കൂടിയ താലൂക് വികസന സമിതിയും പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കാൻ ജില്ലാ കളക്ടറോട് ശുപാർശ ചെയ്തിരുന്നു.
ഇന്നലെ പോസ്റ്റുമോർട്ടം ചെയ്തു മാധവന്റെ മൃതദേഹം കൊണ്ടുവരുന്നതിനു മുൻപായി കോൺഗ്രസ് പ്രവർത്തകർ ചേർന്ന് മതിൽ പൊളിച്ചു നീക്കുകയായിരുന്നു. കൈയേറ്റം മുഴുവനായി പൊളിച്ചു നീക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരവുമായി മുന്നോട്ടു പോവുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ പറഞ്ഞു.