ചിറ്റൂർ: ആശുപത്രി ജംഗ്ഷനിൽ നിന്നും നെടുങ്ങോട് ഭാഗത്തേക്കുള്ള റോഡരികിലെ മതിൽ അപകടഭീഷണിയിലായതിനാൽ ഇതുവഴിയുള്ള വാഹന,കാൽനട യാത്ര ഭീതിയിൽ.റോഡിന് കിഴക്കുഭാഗത്തുള്ള മതിലാണ് തകർന്നിരിക്കുന്നത്. നിരപ്പിൽ നിന്നും നാലടി ഉയരത്തിലാണ് മതിൽ . തകർന്ന ഭാഗത്ത് കിണറും ജലസംഭരണിയുമുണ്ട്. നിലവിൽ ഏഴുമീറ്റർ ദൂരത്തിൽ മതിൽ തകർന്നിട്ടുണ്ട്.
ഈ സ്ഥലത്ത് രണ്ടു വൈദ്യുതി പോസ്റ്റുകളുമുണ്ട്. വാഹനങ്ങൾ സഞ്ചരിക്കുന്ന സമയത്ത് മതിൽ തകർന്ന ഭാഗത്ത് മണ്ണിടിച്ചിലും ഉണ്ടാകുന്നുണ്ട്. നാലു വർഷം മുന്പ് നിർമിച്ച മതിൽ പൂർണമായും ദുർബലമായിരിക്കുകയാണ്. വിദ്യാർഥികളുടെ സ്കൂളിലേക്കുള്ള യാത്രയും ഇതുവഴിയാണ്.
ഇനിയും മണ്ണിടിച്ചിലുണ്ടായാൽ വൈദ്യുതി പോസ്റ്റും വീഴുമെന്ന അവസ്ഥയാണ്. ഇത് വലിയ ദുരന്തത്തിന് ഇടവരുത്തും. അപകടാവസ്ഥ കാരണം വാഹനങ്ങൾ നെടുങ്ങോട് ഭാഗത്തിലൂടെ കൊണ്ടുപോകാൻ യാത്രക്കാർ ഭയപ്പെടുകയാണ്. മതിലിന്റെ തകർച്ച എത്രയും പെട്ടെന്ന് മാറ്റി ഇതുവഴിയുള്ള യാത്ര സുഗമമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.