മതിലകം: ശക്തമായ പ്രതിഷേധത്തിനിടെ ദേശീയപാത മതിലകം ബൈപ്പാസ് അളവെടുപ്പും കല്ലിടലും ആരംഭിച്ചു. ഒരാഴ്ചയ്ക്കകം ജില്ലയിലെ ദേശിയപാത ബൈപ്പാസ് അളവെടുപ്പ് പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി കളക്ടർ. ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മതിലകം ബൈപ്പാസ് അളവെടുപ്പും കല്ലിടലും ഇന്നലെ രാവിലെ ഒൻപതോടെയാണ് ആരംഭിച്ചത്. പ്രതിഷേധം കനത്തതിനെത്തുടർന്ന് ഭൂവുടമകളെ പോലീസ് അറസ്റ്റുചെയ്തു നീക്കി.
ഡെപ്യൂട്ടി കളക്ടർ പാർവതി ദേവിയുടെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായാണ് മേഖലയിൽ അളവെടുപ്പ് ആരംഭിച്ചത്. ബൈപ്പാസ് ആരംഭിക്കുന്ന പുന്നയ്ക്കബസാറിൽ നിന്നും മതിലകം സെന്ററിന്റെ തെക്കോട്ടും വടക്കോട്ടുമായാണ് അളവെടുപ്പ് നടന്നത്. പുന്നയ്ക്കബസാറിൽ നിന്നാരംഭിച്ച് അഞ്ചാംപരുത്തിയിൽ അവസാനിക്കുന്ന ബൈപ്പാസിന് അഞ്ച് കിലോമീറ്റർ നീളമുണ്ട്. നിരവധി വീടുകൾക്ക് ഇടയിലൂടെയാണ് ബൈപ്പാസ് കടന്നുപോകുന്നത്.
പുന്നയ്ക്കബസാറിൽ നിന്ന് അളവെടുപ്പ് തുടങ്ങി കുറച്ചു ദൂരം പിന്നിട്ടപ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭൂവുടമകൾ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം ഉയർത്തി. രേഖാമൂലം മുന്നറിയിപ്പ് നൽകാതെയാണ് സർക്കാർ, ഭൂമി ഏറ്റെടുക്കുന്നതെന്നും, ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരുമറുപടിയും ലഭിച്ചില്ലെന്നും സമരക്കാർ പറഞ്ഞു.
ഏറ്റെടുക്കുന്ന ഭൂമിക്ക് വില പറയാതെയാണ് സർക്കാർ ഭൂമി കൈയേറുന്നതെന്ന് സമരക്കാർ ആരോപിച്ചു.
റോഡിനു വിട്ടുകൊടുക്കുന്ന സ്ഥലത്തിനും വീടിനും ന്യായമായ നഷ്ടപരിഹാരസംഖ്യനൽകണമെന്നും അത് എപ്പോൾ നൽകുമെന്നും ഭൂവുടമകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാര നിർദേശങ്ങൾക്കു ഉറപ്പ് നൽകണമെന്നുമാവശ്യപ്പെട്ടു മതിലകം മണ്ഡലം കോണ്ഗ്രസ് പ്രവർത്തകർ അളവിനെത്തിയ ഉദ്യോഗസ്ഥരുമായി മതിലകം ഫെറി റോഡിൽ ചർച്ച നടത്തി.
ബലം പ്രയോഗിച്ചു നടത്തുന്ന സ്ഥലമെടുപ്പിൽ കോണ്ഗ്രസ് ശക്തമായി പ്രതിഷേധിച്ചു. ജനങ്ങളുടെ ജിവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ നിയമം ജനങ്ങളെ ഭിതിയിലാഴ്ത്തുന്ന അവസ്ഥയാണ് മതിലകം പ്രദേശങ്ങളിൽ ഉണ്ടായതെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി.
കോണ്ഗ്രസ് നേതാക്കളായ സി.എസ്.രവീന്ദ്രൻ, സുനിൽ.പി.മേനോൻ, ബഷീർ വടക്കൻ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു. അളവെടുപ്പ് തടഞ്ഞ എട്ടുപേരെ മതിലകം എസ്ഐ കെ.പി.മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തു നീക്കിയ ശേഷം കല്ലിടൽ പുനരാരംഭിച്ചു.
ദേശീയപാത 66 ബൈപ്പാസ് അളവെടുപ്പിൽ പെരിഞ്ഞനം, ചെന്ത്രാപ്പിന്നി മേഖലകളിൽ ശക്തമായ പ്രതിഷേധങ്ങളെ ത്തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയാണ് നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. കഴിഞ്ഞ ദിവസം ഏറെ പ്രതിഷേധങ്ങൾ ഉണ്ടായിരുന്ന ആനവിഴുങ്ങി കോളനി ഉൾപ്പെടുന്ന ബൈപ്പാസ് അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇതിൽ ബാക്കിയുള്ള 800 മീറ്റർ അളവെടുപ്പ് നാളെ നടത്തുമെന്നും ഒരാഴ്ചയ്ക്കകം ജില്ലയിലെ ദേശിയപാത ബൈപ്പാസ് അളവെടുപ്പ് പൂർത്തിയാക്കുമെന്നും ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.