മതിലകം: പതിറ്റാണ്ടുകളായി തെരുവിൽ കഴിഞ്ഞിരുന്ന തമിഴ് ദന്പതികൾക്കു ആശ്രയമൊരുക്കി മതിലകം ജനമൈത്രി പോലീസ്. മതിലകം പുന്നക്ക ബസാർ പ്രദേശത്ത് ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന ദന്പതികളായ മണി (70), അജിത (60) എന്നിവർ കടത്തിണ്ണിയിലാണ് അന്തിയുറങ്ങിയിരുന്നത്.
അജിതയുടെ കാലുകളിൽ നിരു വന്ന് വീർത്തതോടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.സംഭവമറിഞ്ഞ മതിലകം എസ്എച്ച്ഒ പ്രേമാനന്ദകൃഷ്ണനും മതിലകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി.സുരേന്ദ്രനനും ചേർന്നു മേത്തല ദയ അഗതിമന്ദിരത്തിൽ ഇരുവർക്കും അഭയം ഒരുങ്ങുകയായിരുന്നു.
തുടർന്ന് ഷിഹാബ് തങ്ങൾ ഫൗണ്ടേഷന്റെ ആംബുലൻസിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക പരിശോധനക്ക് ശേഷം ദയയിൽ എത്തിച്ചു.
മതിലകം എസ്എച്ച്ഒ സി. പ്രേമാനന്ദകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ഫസൽ, അജന്ത, ഹോം ഗാർഡ് അൻസാരി, ജനമൈത്രി അംഗം ഷെമീർ എളേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
കൊടുങ്ങല്ലൂർ: ഭക്ഷണസാധനങ്ങളും കൈയിലുള്ള പണവും തീർന്നതോടെ ബുദ്ധിമുട്ടിലായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു കൊടുത്ത് പോലീസ് മാതൃകയായി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അതിഥിത്തൊഴിലാളികൾക്കു തിരിച്ചറിയൽ കാർഡ് വിതരണം നടത്തുന്നതിടയിലാണ് പ്രഭുസ് കോളേജിനു സമീപം താമസിക്കുന്ന നാല് അതിഥിത്തൊഴിലാളികൾ പട്ടിണിയിലാണെന്നറിഞ്ഞത്.
വിവരമറിഞ്ഞ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസറായ ജ്യോതിഷ് ഉടനെ നഗരസഭയുടെ സമൂഹ അടുക്കള പ്രവർത്തക ഇ.ജെ ഹീരയുമായി ബന്ധപ്പെട്ട് അവർക്കു ഭക്ഷണം എത്തിച്ചു നൽകുകയായിരുന്നു.
ലോക്ക് ഡൗണ് കഴിയുന്നവരെ ഇവർക്കു ഭക്ഷണം നൽകാനുള്ള ഏർപ്പാടുകളും പോലീസ് ചെയ്തുകൊടുത്തു.