ഡി. ദിലീപ്
തിരുവനന്തപുരം: റഷ്യൻ പാർലമെന്റിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പിൽ, റഷ്യയിലെ പെൻസ സ്വദേശിയായ മരിയ തന്റെ കന്നി വോട്ടു രേഖപ്പെടുത്തിയത് കേരളത്തിൽ!
ഇന്നലെ രാവിലെ പതിനൊന്നോടെ തിരുവനന്തപുരം വാൻറോസ് ജംഗ്ഷനിലുള്ള റഷ്യൻ കോണ്‍സുലേറ്റ് ഓഫീസിലെത്തിയാണ് മരിയ വോട്ടു ചെയ്തത്.
മൂന്നു വർഷം മുൻപ് ടൂറിസ്റ്റായാണ് മരിയ തലസ്ഥാനത്തെത്തിയത്. കേരളം ചുറ്റിക്കാണുന്നതിനിടയിൽ 32 കാരിയായ മരിയയ്ക്ക് ഒരു കൂട്ടുകാരനെ കിട്ടി.
വർക്കല സ്വദേശിയായ നന്ദു. ഏറെ താമസിയാതെ ഇരുവരും വിവാഹിതരായി. ഇപ്പോൾ വർക്കലയിൽ താമസം. കേരളം സൂപ്പറാണെന്നാണ് മരിയയുടെ അഭിപ്രായം.
വേനൽക്കാലം ഒഴിച്ചു നിർത്തിയാൽ മൊത്തത്തിലുള്ള കാലാവസ്ഥ ഉഗ്രൻ. കേരളത്തോട് ഇഷ്ടം കൂടിയെങ്കിലും റഷ്യയിൽ തെരഞ്ഞെടുപ്പു ചൂട് ഉയർന്നാൽ ചുമ്മാതിരിക്കാൻ പറ്റുമോ;
കോവിഡ് പേടി തത്കാലം മാറ്റി വച്ച് രാവിലെ തന്നെ കോണ്‍സുലേറ്റ് ഓഫീസിലെത്തി വോട്ടു ചെയ്തു.
മരിയ മാത്രമല്ല, മോസ്കോ സ്വദേശിയും കോവളത്ത് താമസക്കാരിയുമായ 35 കാരി സോഫിയയും വോട്ടു ചെയ്യാനെത്തി.
സോഫിയ രണ്ടു തവണ റഷ്യൻ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുണ്ട്. രണ്ടു തവണയും തിരുവനന്തപുരത്തെ വോട്ടിംഗ് കേന്ദ്രത്തിലാണ് വോട്ടു ചെയ്തത്.
കോവളം സ്വദേശിയായ ഷിജുവിനെ വിവാഹം കഴിച്ച സോഫിയയ്ക്ക് അർജുൻ എന്നു പേരുള്ള ഒരു മകനുമുണ്ട്.
റഷ്യൻ പാർലമെന്റിലേക്കുള്ള തെരഞ്ഞെടുപ്പിൽ തലസ്ഥാനത്തു താമസമാക്കിയ 15 റഷ്യൻ പൗരന്മാരാണ് വോട്ടു രേഖപ്പെടുത്തിയത്.
20 പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ കോവിഡ് സാഹചര്യം കാരണം അഞ്ചു പേർക്ക് വോട്ടിംഗ് കേന്ദ്രമായ റഷ്യൻ കോണ്‍സുലേറ്റ് ഓഫീസിൽ എത്താൻ കഴിഞ്ഞില്ല.
ബാലറ്റ് ഉപയോഗിച്ചാണ് വോട്ടെടുപ്പു നടത്തിയത്. വോട്ടെടുപ്പു നടത്തുന്നതിനായി ചെന്നെ കോണ്‍സുൽ സെർജി ലഗ്വാറ്റിൻ വൈസ് കോണ്‍സുൽ അലക്സി വി. താരസോവ് എന്നിവർ തിരുവനന്തപുത്തെ കോണ്‍സുൽ ഓഫീസെത്തിയിരുന്നു.
രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെയായിരുന്നു വോട്ടെടുപ്പ്. പാസ്പോർട്ട് ആയിരുന്നു തിരിച്ചറിയൽ രേഖ. ഇത് നാലാം തവണയാണ് റഷ്യൻ കോണ്‍സുലേറ്റ് ഓഫീസ് പോളിംഗ് സ്റ്റേഷനാകുന്നത്.
കോവിഡിനെ തുടർന്ന് വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതിനാലാണ് വോട്ടർമാരുടെ എണ്ണം കുറഞ്ഞതെന്നും കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും മുപ്പതോളം പേർ ഇവിടെ നിന്നും വോട്ടു രേഖപ്പെടുത്താൻ എത്തിയിരുന്നെന്നും തിരുവനന്തപുരത്തെ റഷ്യൻ കോണ്‍സുലും റഷ്യൻ ഹൗസ് ഡയറക്ടറുമായ രതീഷ് സി. നായർ പറഞ്ഞു.
റഷ്യൻ പാർലമെന്റ് ആയ ’ഡുമ’യിലെ 450 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്.
ഇതിൽ 225 സീറ്റുകളിൽ നിയോജക മണ്ഡലം അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതിൽ വോട്ടു ചെയ്യാനുള്ള അവകാശം റഷ്യയിലുള്ളവർക്കു മാത്രമാണ്.
ബാക്കിയുള്ള 225 സീറ്റുകളിൽ ദേശീയ അംഗീകാരമുള്ള പാർട്ടികളാണ് മത്സരിക്കുന്നത്.
ഈ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ റഷ്യൻ പൗരന്മാരുള്ള വിദേശ രാജ്യങ്ങളിലെ കോണ്‍സുലേറ്റ് ഓഫീസുകളിലും വോട്ടെടുപ്പു നടത്തും.
ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, കൂടംകുളം, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പു നടക്കുന്നത്.
തിരുവനന്തപുരത്തു നിന്നുള്ള ബാലറ്റ് പേപ്പറുകൾ ഇന്ന് ചെന്നൈയിലേക്ക് കൊണ്ടു പോകും.
തുടർന്ന് റഷ്യയിൽ തെരഞ്ഞെടുപ്പു നടക്കുന്ന 17 നു മുൻപായി ഡിപ്ലോമാറ്റിക് ബാഗേജ് വഴി ഇവ റഷ്യയിൽ എത്തിക്കും.