പൂച്ചാക്കൽ: ഇന്നത്തെ താരം മത്തിയാണ്. സാധാരണക്കാരന്റെ ഇഷ്ടവിഭവമായ മത്തി ഇന്ന് വിലവിവര പട്ടികയിൽ മുൻ നിരയിലാണ്. ഇന്നലെ മാർക്കറ്റിൽ മത്തിക്ക് വില 300 ആയിരുന്നു .അടുത്ത കാലത്തുണ്ടായ വില വർധനവിൽ ആദ്യമാണ് 300 രൂപ വരെ മത്തിക്ക് വില വരുന്നത്.
മത്സ്യക്ഷാമത്തിനൊപ്പം ട്രോളിംഗ് കൂടി ആരംഭിച്ചതാണ് വില വർധനയ്ക്ക് കാരണം. 20 മുതൽ 80 ശതമാനം വരെയാണ് വില വർധിച്ചത്. സംസ്ഥാനത്ത് സുലഭമായി ലഭിച്ചിരുന്ന മത്തിയും അയലയുമെല്ലാം ഇപ്പോൾ ഒമാനിൽ നിന്നാണ് മലയാളികളുടെ തീൻ മേശയിലെത്തുന്നത്.
നാടൻ ഹോട്ടലുകളിലും ഭക്ഷണമേശകളിലും സാധാരണക്കാരന്റെ ഇഷ്ടവിഭവമായിരുന്ന മത്തി ഇനി കുറച്ചുകാലത്തേക്ക് വിലയേറിയ വിഭവമാകും.ഒരു കിലോ മത്തി വാങ്ങിയാൽ പത്തോ പന്ത്രണ്ടോ എണ്ണമാണ് കിട്ടുക. കഴിഞ്ഞ മാസം കിലോഗ്രാമിന് 160 രൂപയ്ക്ക് കിട്ടിയിരുന്ന മത്തിയാണ് ഇപ്പോൾ 300ലേക്കെത്തിയത്.
180 രൂപയ്ക്ക് വിറ്റിരുന്ന അയലയുടെ വില 380 രൂപവരെയായി. വില വർധിച്ചതോടെ റോഡരികിലും ഇരുചക്ര വാഹനങ്ങളിലും വില്പന നടത്തുന്ന ചെറുകിട വില്പനക്കാർക്ക് കച്ചവടവും കുറഞ്ഞു. കായൽ മീനുകൾക്കും വളർത്തു മീനുകൾക്കും പൊള്ളുന്ന വിലയാണ്. മാർക്കറ്റുകളിൽ മീൻ വരവിൽ ഗണ്യമായ കുറവും വന്നിട്ടുണ്ട്. തമിഴ്നാട്, ആഡ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ട്രോളിഗ് നിരോധനം കഴിഞ്ഞതിനാൽ ഇനിയുള്ള ദിവസങ്ങളിൽ മത്തിക്കും അയിലക്കും വില കുറയാൻ സാദ്ധ്യതയുണ്ട് എന്നാണ് കച്ചവടക്കാർ പറയുന്നത്.