സോഷ്യല്‍ മീഡിയയുടെയും ട്രോളന്മാരുടെയും വെല്ലുവിളി ചാനല്‍ ഏറ്റെടുത്തു! സ്വന്തം സ്ഥാപനത്തിലെ സ്ത്രീ പീഡനം ചര്‍ച്ചയ്ക്ക് വിഷയമാക്കി മാതൃഭൂമി ന്യൂസ് ചാനല്‍

പ്രമുഖ നടന്‍ ഉള്‍പ്പെടെയുള്ളവരുടെയെല്ലാം പീഡനവാര്‍ത്തകള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കി സ്വയം കോടതി ചമയുന്ന ചാനലുകളെയും ചാനല്‍ അവതാരകരെയും കണക്കിന് വിമര്‍ശിക്കാനുള്ള അവസരം സോഷ്യല്‍ മീഡിയയ്ക്ക് വീണു കിട്ടുകയുണ്ടായി. വിവാഹവാഗ്ദാനം നല്‍കി ചാനല്‍ അവതാരാകനായ സഹപ്രവര്‍ത്തകവന്‍ പീഡിപ്പിച്ചു എന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ മാതൃഭൂമിയിലെ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നതായിരുന്നു വാര്‍ത്ത. മറ്റുള്ള പീഡനവാര്‍ത്തകള്‍ ആഘോഷമാക്കുന്ന ചാനല്‍ സ്വന്തം സ്ഥാപനത്തില്‍ നടന്ന ഈ നെറികേട് ചര്‍ച്ചയ്ക്ക് കൊണ്ടുവരുമോ എന്നതായിരുന്നു ആളുകള്‍ക്ക് അറിയേണ്ടിയിരുന്നത്. ട്രോളന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചാനലിനെ വെല്ലുവിളിയ്ക്കുകയും ചെയ്തു. ഏതായാലും സ്വന്തം സ്ഥാപനത്തില്‍ നടന്ന സ്ത്രീ പീഡനം ചര്‍ച്ച ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചോദ്യത്തെ പരിഗണിച്ചിരിക്കുകയാണ്, മാതൃഭൂമി ന്യൂസ് ചാനല്‍.

പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെ പോലീസ് അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഇന്നത്തെ സൂപ്പര്‍ പ്രൈം ടൈം എന്ന ചര്‍ച്ച നടന്നത്. വേണു ബാലകൃഷ്ണനാണ് അവതാരകനായെത്തിയത്. മാതൃഭൂമി മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എച്ച്ആര്‍ ജനറല്‍ മാനേജര്‍ ജി ആനന്ദ് ചര്‍ച്ചയില്‍ പങ്കെടുത്തു. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ.പി ഗീത, സിആര്‍ നീലകണ്്ഠന്‍, അഡ്വ: മായ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തയുടന്‍ തന്നെ അമല്‍ വിഷ്ണുദാസിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തെന്നും മാനേജ്മെന്റിനെ വിഷയത്തെ കുറിച്ച് പരാതി തന്നിരുന്നില്ലെന്നും ജി ആനന്ദ് പറഞ്ഞു. മാതൃഭൂമി സ്ഥാപനങ്ങളില്‍ നിയമപരമായി പ്രവര്‍ത്തിക്കുന്ന പ്രശ്‌ന പരിഹാര സമിതിയുണ്ടെന്നും ഈ സമിതി വളരെ കാര്യക്ഷമമായി തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ജി ആനന്ദ് പറഞ്ഞു.

 

Related posts