പൂച്ചാക്കൽ: കളഞ്ഞുകിട്ടിയ പഴ്സ് ഉടമസ്ഥനു നൽകി ലോട്ടറി വില്പനക്കാരൻ മാതൃകയായി. പാണാവള്ളി പഞ്ചായത്ത് ഏഴാംവാർഡ് കുറ്റിയിടയിൽ സദാനന്ദനാണ് പണം അടങ്ങിയ പഴ്സ് ഉടമയ്ക്ക് നൽകി മാതൃകയായത്. ഇന്നലെ ഉച്ചയ്ക്ക് അരൂർ ബൈപ്പാസിന് സമീപം ലോട്ടറി വില്പന നടത്തുന്നതിനിടയിലാണ് റോഡരികിൽനിന്നും പഴ്സ് കിട്ടിയത്.
ഉടൻ വില്പന നിർത്തി വച്ച് പൂച്ചാക്കൽ പോലീസ് സ്റ്റേഷനിലെത്തി പഴ്സ് ഏൽപ്പിക്കുകയായിരുന്നു. പോലിസിനു പഴ്സിനുള്ളിൽനിന്നും ലഭിച്ച ഫോണ്നന്പരിൽ ബന്ധപ്പെട്ട് ഡ്രൈവറായ ഇടപ്പള്ളി സ്വദേശിമോഹൻകുമാറിനെ വിളിച്ചു വരുത്തുകയായിരുന്നു.
പണം, എടിഎം കാർഡ്, തിരിച്ചറിയൽ കാർഡ്, പാൻ കാർഡ് എന്നിവ അടങ്ങിയ പഴ്സ് ഇന്നലെ വൈകുന്നേരം സദാനന്ദൻ പൂച്ചാക്കൽ എസ്ഐ രാജീവ് കുമാർ, എഎസ്ഐ സുരേഷ് കുമാർ, വാർഡ് മെന്പർ സി.പി. വിനോദ് കുമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉടമയ്ക്ക് കൈമാറി.