ഹരിപ്പാട്: റോഡിൽ കളഞ്ഞുകിട്ടിയ നാലരലക്ഷം രൂപയും 15 പവനുമടങ്ങിയ ബാഗ് ഉടമസ്ഥന് നൽകി യുവാക്കളുടെ മാതൃക. ഞായറാഴ്ച രാത്രി ഒന്പതോടെ കാർത്തികപ്പള്ളി ജംഗ്ഷന് കിഴക്ക് തൃക്കുന്നപ്പുഴ- മാവേലിക്കര റോഡിൽ നിന്നും ലഭിച്ച ബാഗാണ് സുഹൃത്തുക്കളായ യുവാക്കൾ ഉടമസ്ഥന് തിരികെ ഏല്പിച്ചത്.
നങ്ങ്യാർകുളങ്ങര മണ്ണാംപറന്പിൽ പടീറ്റതിൽ സുഭാഷിന്റെ മകൻ സുജിത്ത്, മണ്ണാംപറന്പിൽ തെക്കതിൽ ഷംസുദ്ദീന്റെ മകൻ ഷിഹാസ്, ആനന്ദഭവനത്തിൽ ആനന്ദന്റെ മകൻ അഭിലാഷ് എന്നിവർക്ക് നാലര ലക്ഷം രൂപയും പതിനഞ്ച് പവൻ സ്വർണ്ണവുമടങ്ങിയ ബാഗ് കിട്ടിയത്. മൊബൈൽ ഫോണ്, അധാർ കാർഡ്, പാൻകാർഡ്, ഫോട്ടോകൾ എന്നിവയും ബാഗിലുണ്ടായിരുന്നു.
ആധാർ കാർഡിനോടൊപ്പമുണ്ടായിരുന്ന മൊബൈൽ നന്പരിൽ ബന്ധപ്പെട്ടപ്പോൾ പള്ളിപ്പാട് അരണപ്പുറം കള്ള് ഷാപ്പ് മാനേജർ തൃക്കുന്നപ്പുഴ പുത്തൻപറന്പിൽ ശിവദാസന്േറതാണ് പണവും സ്വർണവുമടങ്ങിയ ബാഗെന്ന് മനസ്സിലായി. ഇയാൾ ഷാപ്പ് അടച്ചിട്ട് വീട്ടിലേക്ക് ബൈക്കിൽ പോകുന്ന വഴി മുൻ വശത്ത് സൂക്ഷിച്ചിരുന്ന ബാഗ് തെറിച്ചു പോയത് അറിഞ്ഞിരുന്നില്ല.
സുജിത്തും കൂട്ടുകാരും വിളിക്കുന്പോൾ ശിവദാസൻ മഹാദേവികാട് പുളിക്കീഴ് പെട്രോൾ പന്പിൽ ബൈക്കിന് പെട്രോൾ നിറച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇവർ വിളിക്കുന്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശിവദാസനറിഞ്ഞത്. തുടർന്ന് കാർത്തികപ്പള്ളി ജംഗ്ഷനിൽ തിരികെയെത്തിയ ശിവദാസന് പണവും സ്വർണവുമടങ്ങിയ ബാഗ് യുവാക്കൾ കൈമാറുകയായിരുന്നു.