ഹരിപ്പാട്: കണക്കിനെ പേടിച്ചു തലപുകയ്ക്കുന്നവർ നേരേ ആലപ്പുഴ കാർത്തികപ്പള്ളി ഗവ.യുപി സ്കൂളിലേക്കു പോന്നോളൂ, ഇവിടെ കുട്ടികൾ കണക്കു കണ്ടു കണ്ണുമിഴിക്കുകയല്ല, കളിച്ചുപഠിക്കുകയാണ്. തിരുവാതിരയും വഞ്ചിപ്പാട്ടും നാടകവുമൊക്കെയായി ചിരിച്ചും ഉല്ലസിച്ചുമാണ് ഇവരുടെ കണക്കുപഠനം.
വിഷമകരമായ കണക്ക്എങ്ങനെ രസകരമായി പഠിപ്പിക്കാമെന്ന ചിന്തയിൽനിന്നാണ് കണക്കിൽ കൊള്ളിച്ച തിരുവാതിരയുടെയും വഞ്ചിപ്പാട്ടിന്റെയും നാടകത്തിന്റെയുമൊക്കെ ജനനം. അധ്യാപകരുടെ സഹായത്തോടെ വൃത്തത്തിലുള്ള വസ്തുക്കൾ പട്ടികപ്പെടുത്തി പാട്ടുണ്ടാക്കി. തുടർന്ന് കുട്ടികൾതന്നെ ചുവടുകൾ തരപ്പെടുത്തി തിരുവാതിരയാക്കി.
വൃത്തമാം രൂപത്തെ കാട്ടുവാനായ് ഞങ്ങൾ വൃത്തത്തിൻ രൂപത്തിൽ നിന്നിടുന്നേ എന്നു തുടങ്ങുന്ന തിരുവാതിര പ്പാട്ടിൽ ദിവസേന നമ്മൾ കാണുന്ന പല വസ്തുക്കളും കടന്നു വരുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഏഴാം ക്ലാസുകാരുടെ വക വഞ്ചിപ്പാട്ട്. ഗണിത ശാസ്ത്രജ്ഞരുടെ ജനനം മുതൽ മരണം വരെയും അവരുടെ കണ്ടുപിടിത്തങ്ങളും വഞ്ചിപ്പാട്ടാക്കി അവതരിപ്പിച്ചാണ് കുട്ടികൾ അവ മനഃപ്പാഠമാക്കിയത്. ശ്രീനിവാസ രാമാനുജൻ തമിഴ്നാട്ടിൽ ബ്രാഹ്മണ കുടുംബത്തിലെ അയ്യങ്കാറിന്റെ മകനായി പിറന്നതും ക്ഷയരോഗം പിടിപെട്ട് മരിച്ചതും വരെ വഞ്ചിപ്പാട്ടിന്റെ ഈണത്തിലായി.
ഗണിത നാടകം ഒരുക്കിയത് ഭിന്നസംഖ്യകളെ പറ്റിയാണ്. എല്ലാ മാസത്തിലും നടക്കുന്ന ഗണിത അസംബ്ലിക്കു മുന്പ് കുട്ടികൾ പുതിയ പഠന വിഭവങ്ങളുമായാണ് എത്തുന്നത്. കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് ഓരോ പ്രവർത്തനങ്ങൾക്കും ഹെഡ്മിസ്ട്രസ് സി.എ സുഷമകുമാരിയും ഗണിത അധ്യാപിക മറിയാമ്മയും ചേരുന്നതോടെ ഗണിത ക്ലബും സ്കൂളിലെ ഗണിത പഠനവും മുന്നേറുകയാണ്.
സ്കൂൾ കവാടം മുതൽ സ്കൂളിന്റെ പരിസരം മുഴുവൻ കണക്കിലെ കളികൾ പല തരത്തിൽ മിഴി തുറന്നിരിക്കുന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഗണിതത്തിൽ മാത്രമല്ല, മറ്റു വിഷയങ്ങളിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും കാർത്തികപ്പള്ളി യുപി സ്കൂൾ മുന്നിലാണ്.
മികച്ച എസ്എംസിക്കുള്ള ജില്ലയിലെ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും എസ്എംസി ചെയർമാൻ ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അംഗങ്ങളും രക്ഷകർത്താക്കളും ഒത്തുചേരുന്പോൾ കാർത്തികപ്പള്ളിയിലെ ഈ സർക്കാർ സ്കൂൾ പുതിയ ചരിത്രമെഴുതുകയാണ്.