നാദാപുരം: വര്‍ഷങ്ങള്‍ക്ക് മുമ്പ് അയല്‍വാസികള്‍ക്ക് ചെയ്ത സഹായം വിനയായതോടെ വീട് നിർമാണത്തിന് മാതുവും മക്കളും വൈദ്യുതി വകുപ്പിന്റെ കാരുണ്യം തേടുന്നു.വീട് പറമ്പിലൂടെ വൈദ്യുതി ലൈന്‍ വലിച്ചാണ് ഇപ്പോള്‍ വീട് നിര്‍മ്മാണം പ്രതിസന്ധിയിലാക്കിയത്.
വളയം പുഞ്ചയിലെ മുട്ടം വച്ച പറമ്പത്ത് മാതുവിന്റെ വീട് നിര്‍മ്മാണമാണ് പാതി വഴിയിലായത്. പത്ത് വര്‍ഷം മുമ്പാണ് പുഞ്ചയിലെ അംഗനവാടിക്ക് പിന്‍വശത്ത് താമസിക്കുന്ന മാതു വിന്റെ വീട്ട് പറമ്പിലൂടെ കെഎസ്ഇബി അധികൃതര്‍ വൈദ്യുതി ലൈന്‍ വലിച്ചത്.
സമീപത്തെ രണ്ട് വീടുകളിലേക്ക് കണക്ഷന് കൊടുക്കാനായിരുന്നു ലൈന്‍ വലിച്ചത്. തന്റെ സമ്മതമില്ലാതെ ലൈന്‍ വലിക്കുകയായിരുന്നെന്ന് മാതു ആരോപിക്കുന്നു. പിന്നീട് ലൈന്‍ ഒഴിവാക്കി തരാന്‍ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ സഹകരിച്ചില്ല.
വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ വീട് പൊളിച്ച് ആകെയുള്ള പന്ത്രണ്ട് സെന്റില്‍ പുതിയ വീട് പണി ആരംഭിച്ചതോടെയാണ് വൈദ്യുതി ലൈന്‍ വിലങ്ങ് തടിയായി വന്നത്. തറ കെട്ടി ചുമര് ചായ്ച നിലയിലാണ് വീട്.ഇതിന് മുകളില്‍ നിര്‍മ്മാണം നടത്തണമെങ്കില്‍ വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കണം.
ഇതോടെ മാതുവിന്റെ മകളും സൈനികനായ ഇവരുടെ മകനും നിരന്തരം അധികൃതരെ ബന്ധപ്പെട്ടെങ്കിലും വൈദ്യുതി തൂണ് മാറ്റി സ്ഥാപിച്ചിട്ടില്ല.ഇതോടെ വീട് പണി എങ്ങിനെ പൂര്‍ത്തിയാക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം.