സിനിമ കണ്ടിട്ട് ഞാനിതുവരെ ഒരു പെണ്ണിനെയും തല്ലിയിട്ടില്ല! മാമ്പഴം എന്ന കവിത വായിച്ചിട്ട് അമ്മമാര്‍ കുട്ടികളെ തല്ലാതിരുന്നിട്ടുണ്ടോ; കസബ വിഷയത്തില്‍ അവതാരകന്‍ മാത്തുക്കുട്ടി പ്രതികരിക്കുന്നതിങ്ങനെ

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളത്തിന്റെ, മലയാളിയുടെ പ്രിയ നായികയായി മാറിയ നടിയാണ് പാര്‍വതി. കൂടാതെ കഴിഞ്ഞ കുറേനാളുകളായി ഏറ്റവും കൂടുതല്‍ വിവാദങ്ങളില്‍ അകപ്പെട്ട നായിക എന്ന വിശേഷണവുമുണ്ട് പാര്‍വതിയ്ക്ക്. മലയാളത്തിലെ സ്വകാര്യ വാര്‍ത്താചാനല്‍ വര്‍ഷാവസാനങ്ങളില്‍ നടത്തുന്ന ന്യൂസ് മേക്കര്‍ എന്ന പരിപാടിയുടെ ഇത്തവണത്തെ അവസാന മത്സരാര്‍ത്ഥികൂടിയായിരുന്നു പാര്‍വതി.

ഐഎഫ്എഫ്‌കെയിലെ ഓപ്പണ്‍ ഫോറത്തിനിടെ നടന്‍ മമ്മൂട്ടി നായകനായ ചിത്രം കസബയെ വിമര്‍ശിച്ചതിന് പാര്‍വതി ഏറെ അധിക്ഷേപങ്ങള്‍ കേട്ടിരുന്നു. മലയാളത്തിലെ ഇത്രയും പ്രമുഖനായ വ്യക്തി സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ ഡയലോഗുകള്‍ പറയുമ്പോള്‍ അത് കാഴ്ചക്കാരില്‍ അതിവേഗം പതിയുമെന്നും ഇക്കാരണത്താല്‍ സ്ത്രീവിരുദ്ധ സിനിമകളില്‍ നിന്ന് മനപൂര്‍വ്വം ഒഴിവാകണമെന്നുമാണ് പാര്‍വതി ആവശ്യപ്പെട്ടത്.

അതേച്ചൊല്ലി ഉരുത്തിരിഞ്ഞ ചേരിതിരിഞ്ഞുള്ള സൈബര്‍ യുദ്ധത്തിന് ഇതുവരെയും ശമനമുണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പാര്‍വതി ചാനലിലെ ടോക്ക്‌ഷോയില്‍ പങ്കെടുക്കാനെത്തിയത്. കഴിഞ്ഞ ദിവസം പ്രസ്തുത ചാനല്‍ പുറത്തുവിട്ട വീഡിയോയില്‍ പാര്‍വതിയുടെ നിലപാടിനെ പാര്‍വതിയുടെ മുന്‍പില്‍ വെച്ച് തന്നെ മലയാളത്തിന്റെ പ്രിയ അവതാരകനും ആര്‍ജെയും വിജെയുമായ മാത്തുകുട്ടി ചോദ്യം ചെയ്യുകയുണ്ടായി. മാത്തുക്കുട്ടി ചോദിച്ച ഒരു ചോദ്യത്തിന് മുന്നില്‍ പാര്‍വതിക്ക് പോലും ഒരുനിമിഷം ഉത്തരമുട്ടി.

മാത്തുകുട്ടി പറഞ്ഞതിങ്ങനെ…

മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും തന്നെ സ്ത്രീകളെ അടിക്കുന്ന സീനുകളുണ്ട്. ഞാന്‍ ഇതുവരെ സിനിമ കണ്ടിട്ട് ഒരു പെണ്ണിനെ തല്ലിയിട്ടില്ല…ഒരു സിനിമ നമ്മളെ അത്രയ്ക്ക് സ്വാധീനിച്ചു എങ്കില്‍ നമ്മുക്ക് എന്തോ പ്രശ്‌നം ഉണ്ട് എന്നാണു അതിന്റെ അര്‍ഥം. കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ പറയുന്ന പോലെ മാമ്പഴം എന്ന കവിത വായിച്ചതിനു ശേഷം അമ്മമ്മാര്‍ കുട്ടികളെ തല്ലാതിരുന്നിട്ടില്ല. ഒരു പരിധിക്കപ്പുറം അതിനെ കാര്യമായി എടുക്കുന്നവര്‍ക്ക് ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമുണ്ട് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ പറയുന്നവരെ വിമര്‍ശിക്കുന്നവരാകട്ടെ അമിതമായ താരാരാധനയുടെ പുറത്ത് ചെയ്യുന്നതുമാണ്.

 

Related posts