നെൽകൃഷി പാടത്തു മാത്രമല്ല തന്റെ വീട്ടുമുറ്റത്തെ തോട്ടുവക്കിലും കതിരിടുമെന്ന് തെളിയിച്ചിരിക്കുകയാണ് ചോറ്റി കുരിശുംമൂട്ടിൽ മാത്തുക്കുട്ടി ഡൊമിനിക്.
കഴിഞ്ഞ ഡിസംബറിൽ മാങ്ങാപ്പാറ തോട്ടിലെ വെള്ളം വറ്റിവരണ്ടപ്പോഴാണ് തോട്ടിലെ ചതുപ്പിൽ നെല്ല് കൃഷി ചെയ്താൽ അത് കതിരിടുമോ എന്ന് പരീക്ഷിച്ചറിയാൻ മാത്തുക്കുട്ടി തീരുമാനിച്ചത്. 20 മീറ്റർ നീളത്തിലും 10 മീറ്റർ വീതിയിലുമാണ് തോട്ടുവക്കീൽ നെൽപ്പാടം മാത്തുക്കുട്ടി തയാറാക്കിയത്.
രണ്ടാഴ്ച മുമ്പ് നെല്ല് തഴച്ചുവളർന്ന് കതിരിടുകയും ചെയ്തു. അരി എങ്ങനെയാണുണ്ടാകുന്നതെന്ന തന്റെ പേരക്കുട്ടികളുടെ ചോദ്യത്തിന് ഉത്തരമായി നേരിട്ടു നെല്ല് കാണിച്ചുകൊടുക്കാനും മാത്തുക്കുട്ടിക്ക് സാധിച്ചു.
പക്ഷേ, അപ്രതീക്ഷിതമായി വന്ന വേനൽ മഴയിൽ തോട്ടിൽ വെള്ളം ഒഴുകി തുടങ്ങി. മഴ കനത്താൽ തന്റെ നെൽപ്പാടം വിളവെടുക്കാനാവാതെ നശിച്ചു പോകുമോയെന്ന ആശങ്കയിലാണ് ഇപ്പോൾ ഈ കർഷകൻ.
ജോജി തോമസ്