പാലക്കാട്: സർക്കാർ ഓഫീസുകളിൽ ചെന്നാൽ അറിയാതെ പറഞ്ഞുപോകും- സർ, ഈ അപേക്ഷ.. മാഡം, ഈ സർട്ടിഫിക്കറ്റ് ഒന്ന്… ശീലമായിപ്പോയതാണ്.
എന്നാൽ പാലക്കാട്ടെ മാത്തൂർ പഞ്ചായത്ത് ഓഫീസിൽ ചെന്നാൽ ഈ ശീലം മാറ്റണം. ഓഫീസിനു പുറത്ത് ഒരു അറിയിപ്പുണ്ട്-
ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും സർ, മാഡം എന്നു വിളിക്കുന്നത് ഒഴിവാക്കുന്നതിന് ഭരണസമിതി തീരുമാനിച്ചുണ്ട്.
പഞ്ചായത്തിൽനിന്നു ലഭിക്കുന്ന സേവനങ്ങൾക്കുള്ള കത്തിടപാടുകളിൽ സർ, മാഡം അഭിസംബോധനയും, അപേക്ഷിക്കുന്നു, അഭ്യർഥിക്കുന്നു എന്നീ പദങ്ങൾ ഒഴിവാക്കുന്നതിനും തീരുമാനിച്ചുണ്ട്…
പഞ്ചായത്ത് ഭരണസമിതി ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയ ശേഷമാണ് ഈ അറിയിപ്പ് ഓഫീസിനു പുറത്തു വച്ചിട്ടുള്ളത്.
ബ്രിട്ടീഷ് കാലഘട്ടത്തിന്റെ ശേഷിപ്പുകളാണ് ഈ വാക്കുകളെന്ന തിരിച്ചറിവിലാണ് ഇവ ഒഴിവാക്കാൻ തീരുമാനിച്ചത്.
വൈസ് പ്രസിഡന്റ് പി.ആർ. പ്രസാദ് മുന്നോട്ടുവച്ച ആശയം പ്രമേയമാക്കാൻ പ്രസിഡന്റ് പ്രവിത മുരളീധരൻ മുൻകൈയെടുക്കുകയായിരുന്നു.
എട്ടു കോണ്ഗ്രസ് അംഗങ്ങളും ഏഴു സിപിഎം അംഗങ്ങളും ഒരു ബിജെപി അംഗവും ഇക്കാര്യത്തിൽ ഒറ്റ മനസോടെ ഒപ്പുവച്ചു.
പഞ്ചായത്ത് കാര്യാലയത്തിലെ സേവനങ്ങൾ ജനങ്ങളുടെ അവകാശമായതിനാൽ അഭ്യർഥിക്കുന്നു, അപേക്ഷിക്കുന്നു എന്നീ പ്രയോഗങ്ങൾക്കു പകരം അവകാശപ്പെടുന്നു എന്നോ താല്പര്യപ്പെടുന്നു എന്നോ ഉപയോഗിക്കാം.
സർ, മാഡം എന്നീ സംബോധനകൾക്കു പകരം പേരോ സ്ഥാനപ്പേരോ വിളിക്കാം. എല്ലാ ഉദ്യോഗസ്ഥരുടെയും ഇരിപ്പിടത്തിനരികിൽ അവരുടെ പേരും തസ്തികയും എഴുതിവയ്ക്കും.
ഒൗദ്യോഗിക കത്തിടപാടുകളിൽ ഉപയോഗിക്കാവുന്ന വാക്കുകൾ ഒൗദ്യോഗിക ഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.
വിധേയത്വം കാണിക്കാത്തതുമൂലം പഞ്ചായത്ത് ഓഫീസിൽനിന്ന് എന്തെങ്കിലും സേവനം നിഷേധിക്കപ്പെട്ടാൽ പരാതി നൽകാനും കഴിയും. ചരിത്രപരമായ തീരുമാനമായിത്തന്നെ മാത്തൂർ പഞ്ചായത്ത് അധികൃതരുടെ നടപടിയെ കാണണം.