പെണ്ണന്വേഷിച്ച് മടുത്തപ്പോള്‍ മുന്നില്‍ തെളിഞ്ഞത് പ്രമുഖ മാട്രിമോണിയല്‍ സൈറ്റ് ; 55000 രൂപ മുടക്കി രജിസ്റ്റര്‍ ചെയ്തു; എന്നാല്‍ പണം കിട്ടിയതോടെ ദല്ലാള്‍കമ്പനിയുടെ മട്ടുമാറി; ഇപ്പോള്‍ പെണ്ണുമില്ല പണവുമില്ല…

കൊല്ലം: മാട്രിമോണിയല്‍ സൈറ്റുകളുടെ എണ്ണം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും സ്ഥലങ്ങളുടെയും പേരിട്ടാണ് ഒട്ടുമിക്ക മാട്രിമോണിയല്‍ കമ്പനികളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വരനെയും വധുവിനെയും അപേക്ഷിച്ച് വഴിമുട്ടുന്നവര്‍ ഒടുവില്‍ ചെന്നെത്തുന്നത് ഇത്തരം സൈറ്റുകളിലാണ്. പലര്‍ക്കും നല്ല സുന്ദരന്‍ പണിയും കിട്ടാറുണ്ട്. മാട്രിമോണിയല്‍ സൈറ്റിന്റെ മോഹന വാഗ്ദാനങ്ങളില്‍ പെട്ട് ഒരു പ്രവാസി മലയാളിക്ക് നഷ്ടമായത് അരലക്ഷം രൂപയാണ്.

പത്തനാപുരം സ്വദേശി അജ്മല്‍ നാസര്‍ എന്ന പ്രവാസി മലയാളിക്കാണ് ചതി പറ്റിയത്. പ്രമുഖ മാട്രിമോണിയലിന്റെ ഭാഗമായ എലൈറ്റ് മാട്രിമോണിയല്‍ എന്ന കമ്പനിയാണ് ഇയാളോട് വഞ്ചന കാട്ടിയത്. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന അജ്മല്‍ ഏറെ നാളായി വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി പല സ്ഥലങ്ങളിലും പെണ്ണന്വേഷിച്ചു തളര്‍ന്നു. നിരവധി ബ്രോക്കര്‍മാര്‍ വഴി ശ്രമിച്ചിട്ടും പണം പാഴായതല്ലാതെ ഒന്നും നടന്നില്ല. അങ്ങനെയാണ് ഒരു പരസ്യം കണ്ട് ഇയാള്‍ ഭാരത് മാട്രിമോണിയല്‍ സൈറ്റിലേക്കെത്തുന്നത്. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ ഉയര്‍ന്ന കുടുംബങ്ങളിലുള്ള വിവാഹാലോചനകള്‍ ലഭിക്കാനായി പ്രീമിയം സര്‍വ്വീസ് ആയ എലൈറ്റ് മാട്രിമോണിയലില്‍ അംഗത്വം എടുക്കുന്നതാണ് നല്ലതെന്ന് ഉപദേശം ലഭിച്ചു. തുടര്‍ന്ന് മൂന്നു മാസത്തേക്ക് 59,180 രൂപ ഈടാക്കുന്ന എലൈറ്റ് ഗോള്‍ഡ് എന്ന പാക്കേജ് തിരഞ്ഞെടുത്തു. പ്രത്യേക ആനുകൂല്യം എന്ന രീതിയില്‍ 55000 രൂപ മാത്രമേ കമ്പനി കൈപ്പറ്റിയുള്ളൂ. ഇവരുടെ വെബ്‌സൈറ്റ് വഴിയാണ് ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ നടത്തിയത്.

ദിവസവും അനുയോജ്യമായ രണ്ട് പ്രൊഫൈലുകള്‍ അജ്മലിന് നല്‍കുമെന്നാണ് മാട്രിമോണിയല്‍ പ്രതിനിധികള്‍ പറഞ്ഞിരുന്നത്. കൂടാതെ എല്ലാ കാര്യങ്ങളും വിവാഹാലോചനയുമായെത്തുന്നവരോട് സംസാരിക്കുമെന്നും പറഞ്ഞിരുന്നു. പ്രീമിയം അംഗത്വം എടുത്ത ശേഷം ആദ്യ ദിവസങ്ങളില്‍ കൃത്യമായി ആലോചനകളുമായെത്തുന്നവരുടെ വിവരങ്ങള്‍ നല്‍കിയിരുന്നു.എന്നാല്‍ അവരുമായി ബന്ധപ്പെടുമ്പോള്‍ വിവാഹ കാര്യങ്ങളും ഡിമാന്‍ഡുകളും മാട്രിമോണിയല്‍ പ്രതിനിധികള്‍ പങ്കുവെച്ചിട്ടില്ല എന്ന് മനസ്സിലായി. വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ കമ്പനിയോട് ഇയാള്‍ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും മോശമായ പ്രതികരണമായിരുന്നു ലഭിച്ചത്.

പിന്നീട് പരാതി നല്‍കുമെന്നറിയിച്ചതോടെ കമ്പനി പണം മടക്കി നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കാന്‍ മാട്രിമോണിയല്‍ കമ്പനി തയ്യാറായില്ല. ഇതോടെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് അജ്മല്‍.അജ്മല്‍ ആവശ്യപ്പെട്ടതനുസരിച്ച് പണം തിരികെ നല്‍കാന്‍ കമ്പനി തയ്യാറായെന്നാണ് കമ്പനിയുടെ വിശദീകരണം. ദീപാവലി പ്രമാണിച്ച് കമ്പനിയുടെ ഹെഡ് ഓഫീസ് പ്രവര്‍ത്തിക്കുന്ന ചെന്നൈയില്‍ ബാങ്ക് അവധിയായതിനാലാണ് പണം തിരികെ നല്‍കാന്‍ താമസം നേരിട്ടതെന്നും രണ്ടാഴ്ചയ്ക്കുള്ളില്‍ തുക ചെക്കായി അജ്മലിന് പോസ്്റ്റ് വഴി എത്തിക്കുമെന്നുമാണ് മാട്രിമോണിയല്‍ യൂണിറ്റ് മാനേജര്‍ ബിന്‍സ് കെ ദേവസ്യ പറയുന്നത്. എന്തായാലും മാട്രിമോണിയല്‍ സൈറ്റുകളില്‍ പെണ്ണന്വേഷിക്കുന്നവരെ ഞെട്ടിച്ചിരിക്കുകയാണ് ഈ സംഭവം.

Related posts