സ്ത്രീകൾ ഇപ്പോഴും അടുക്കളയിൽതന്നെ ആയിരിക്കണമെന്ന മനോഭാവമുള്ള പുരുഷൻമാർ ധാരാളമുണ്ട് ഇന്നത്തെ കാലത്തും. കാലമെത്ര പുരോഗമിച്ച് മുന്നോട്ട് പോയാലും ഇത്തരം ചിന്തകൾക്ക് യാതൊരു മാറ്റവുമുണ്ടാകില്ല. ഇത് അക്ഷരാർഥത്തിൽ അത് ശരിവയ്ക്കുന്ന അനുഭവവുമായി സ്വാതി എന്ന ചെറുപ്പക്കാരി രംഗത്ത്.
മാട്രിമോണി ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ നേരിട്ട് കാണാനെത്തിയതായിരുന്നു സ്വാതി. യുവതിയെ കണ്ടതോടെ യുവാവ് ഫ്ലാറ്റ് ആയി എന്നുതന്നെ പറയാം. നീണ്ട നേരത്തെ സംഭാഷണത്തിനൊടുവിൽ തന്റെ പാചകത്തെ കുറിച്ചും യുവാവിനോട് മനസ് തുറക്കാമെന്ന് യുവതി കരുതി. തനിക്ക് പാചകംചെയ്യാൻ എല്ലാദിവസവും സാധിക്കില്ലന്ന് സ്വാതി പറഞ്ഞു. എന്നാൽ അതോടെ അത്രയും നേരം പുഞ്ചിരിയോടെ മാത്രം നിന്ന യുവാവിന്റെ മുഖം മാറി. വിവാഹം കഴിക്കണോ എന്നു പോലും സംശയമായി അയാൾക്ക്. ഇരുവരുടേയും മീറ്റ് അപ്പിനുശേഷം തിരികെ വീട്ടിലെത്തിയ യുവതി സമൂഹ മാധ്യമങ്ങളിൽ തനിക്കുണ്ടായ അനുഭവം കുറിച്ചു.
സ്വാതി എഴുതുന്നത് ഇങ്ങനെ: ”അടുത്തിടെ മാട്രിമോണി ആപ്പിൽ പരിചയപ്പെട്ട ഒരു യുവാവുമായി ഞാൻ ഡിന്നറിന് പോയി. സംഭാഷണം നല്ല രീതിയിൽ പോവുകയായിരുന്നു. പക്ഷേ, ജോലിത്തിരക്ക് കാരണം എല്ലാ ദിവസവും എനിക്ക് പാചകം ചെയ്യാൻ സാധിക്കില്ല എന്ന് പറഞ്ഞതോടെ അയാളുടെ മുഖം മാറി. അയാൾക്ക് എന്നെ വിവാഹം കഴിക്കാൻ താല്പര്യമില്ലാതായി. അതുവരെ അവൻ എന്റെ സൗന്ദര്യത്തേയും മനസിനെയും ഗുണങ്ങളെയും ഒക്കെ വാഴ്ത്തുകയായിരുന്നു. പാചകം അത്രയേറെ പ്രധാനപ്പെട്ട കാര്യമാണോ” എന്നായിരുന്നു സ്വാതിയുടെ പോസ്റ്റ്.