ഇരുചക്ര വാഹനം മാറ്റിവയ്ക്കാനാവശ്യപ്പെട്ട സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഹോസ്റ്റല്‍ മേട്രന്റെ പണി തെറിക്കും. സ്വകാര്യ ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനായ മാവേലിക്കര സ്വദേശി റിങ്കുവിനെ കയ്യേറ്റം ചെയ്ത കൊയിലാണ്ടി നടുവന്നൂര്‍ കാവില്‍ദേശം തറയില്‍മീത്തല്‍ ആര്യാ ബാലനാണ് ജോലി നഷ്ടമായിരിക്കുന്നത്.
കൊച്ചി സര്‍വകലാശയ്ക്കു കീഴിലുള്ള ഹോസ്റ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. രോഗിയുമായി ആശുപത്രിയില്‍ എത്തിയ ആര്യയുടെ സ്‌കൂട്ടര്‍ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മാറ്റി വയ്ക്കാന്‍ സെക്യൂരിറ്റി ജീവനക്കാരനായ റിങ്കു ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് അനുസരിക്കാതെ ആര്യ ഹോസ്പിറ്റലിനകത്തേക്ക് പോയി. തിരികെയെത്തുമ്പോള്‍ ആര്യ കണ്ട കാഴ്ച സെക്യൂരിറ്റി സ്‌കൂട്ടര്‍ മാറ്റി വയ്ക്കുന്നതായിരുന്നു. ഇത് ഇഷ്ടപ്പെടാഞ്ഞ അവര്‍ യുവാവിന്റെ ചെകിട്ടത്തടിക്കുകയായിരുന്നു. ആശുപത്രിയുടെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ നിരവധി ആളുകള്‍ ആര്യയ്‌ക്കെതിരേ രംഗത്തെത്തുകയും ചെയ്തു.
ആശുപത്രി അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് മേട്രനെതിരേ പോലീസ് ക്രിമിനല്‍ കേസെടുത്തത്. ഇവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ രജിസ്ട്രാറോട് ശിപാര്‍ശ ചെയ്യാനാണ് കുസാറ്റ് തീരുമാനിച്ചിരിക്കുന്നത്.
അനന്യ ഹോസ്റ്റലില്‍ മൂന്നു വര്‍ഷത്തെ കരാറിലാണ് ആര്യ മേട്രനായത്. മാര്‍ച്ചില്‍ കരാര്‍ കാലാവധി അവസാനിച്ചെങ്കിലും കേസ് സംബന്ധിച്ച റിപ്പോര്‍ട്ട് കുസാറ്റ് രജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം യുവതിയെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
കോണ്‍ഗ്രസ് തൊഴിലാളി സംഘടനയുടെയും അന്‍വന്‍ സാദത്ത് എംഎല്‍എയുടെയും പ്രതിഷേധ ഫലമായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിനിടെ റിങ്കുവിനെ പീഡനക്കേസില്‍ കുടുക്കി പരാതി പിന്‍വലിപ്പിക്കാനുള്ള ശ്രമവും ഇവരുടെ ഭാഗത്തു നിന്നുണ്ടായി. ഇതോടെ യുവാവ് കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യാനൊരുങ്ങി. ഇതേത്തുടര്‍ന്ന് റിങ്കുവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഒത്തു തീര്‍പ്പിനും ശ്രമമുണ്ടായി.
എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ വച്ച് റിങ്കുവിനോട് ആര്യ കയര്‍ത്തു. റിങ്കു തുറിച്ചു നോക്കിയതു കൊണ്ടാണ് അടിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. എന്നാല്‍ തുറിച്ചു നോക്കിയാല്‍ അടിക്കാന്‍ നിയമമില്ലെന്ന വാദമുയര്‍ന്നതോടെ ആര്യ പെട്ടു. ഇതിനിടെ ഐഎന്‍ടിയുസി നേതാക്കള്‍ സ്റ്റേഷനിലെത്തിയാണ് റിങ്കുവിനെ തിരികെയെത്തിച്ചത്. ആര്യയും പോലീസുമായുള്ള ഒത്തുകളിയും അതോടെ പൊളിഞ്ഞു. മര്‍ദ്ദിച്ചതും അസഭ്യം പറഞ്ഞതുമാണ് പ്രതിയ്‌ക്കെതിരേയുള്ള കേസ്.