ചെറുപ്രായത്തിൽ ഒരാൾ മറ്റൊരാൾക്ക് കൊടുത്ത വാക്ക് ആരും ഓർത്തിരിക്കാറുമില്ല അതുകൊണ്ട് തന്നെ പാലിക്കാൻ ശ്രമിക്കാറുമില്ല. എന്നാൽ മാറ്റ് ഗ്രോഡ്സ്കി എന്നയാൾ തന്റെ കൂട്ടുകാരിക്ക് ചെറുപ്രായത്തിൽ നൽകിയ വാക്ക് തന്റെ ജീവിതം അവൾക്കുള്ളതാണ്, അവളെ താൻ വിവാഹം ചെയ്യും എന്നായിരുന്നു. തന്റെ മൂന്നാം വയസിൽ കൂട്ടുകാരി ലോറ ഷീലിനാണ് മാറ്റ് ഈ വാക്കു നൽകിയത്. സിനിമാക്കഥ പോലെ തോന്നുന്നുണ്ടെങ്കിലും സത്യമാണ് ഇരുപത് വർഷം പഴക്കമുണ്ട് ഈ അപൂർവ പ്രണയ കഥയ്ക്ക്.
ഇരുവരും നഴ്സറിയിൽ പഠിക്കുന്പോഴാണ് താൻ വലുതാകുന്പോൾ വിവാഹം കഴി ക്കുമെന്ന് മാറ്റ് തന്റെ കൂട്ടുകാരിക്ക് വാക്കുകൊടുത്തത്. “ദ് വേ വീ മെറ്റ്’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങൾ സഹിതം ഇവർ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് സംഭവം പുറംലോകമറിയുന്നത്.
തങ്ങളുടെ പ്രണയത്തെക്കുറിച്ച് മാറ്റ് പറയുന്നതിങ്ങനെ:
“ലോറയും ഞാനും നഴ്സറിയിൽ പഠിക്കുന്നതിനിടയിലാണ് കണ്ടു മുട്ടുന്നത്. മൂന്നു വയസുകാരനായിരുന്ന എന്റെ പഴയ ഓർമകളിൽ ഏറ്റവും മുൻപിൽ നിൽക്കുന്നത് ലോറയെ ഞാൻ വിവാഹം ചെയ്യും എന്ന വാക്കായിരുന്നു. കുട്ടിയായിരിക്കുന്ന സമയം എന്നെ ചിത്രങ്ങൾ വരയ്ക്കാൻ പഠിപ്പിച്ചതും ഉൗഞ്ഞാലാടാൻ പഠിപ്പിച്ചതും ഭക്ഷണം കഴിക്കാൻ പഠിപ്പിച്ചതുമെല്ലാം അവളായിരുന്നു. കണ്ണുപൊത്തിക്കളിക്കുന്നതും ഓടിക്കളിക്കുന്നതുമെല്ലാം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങുന്നതും ഒന്നിച്ചായിരുന്നു.
പിന്നീട് സ്കൂളിൽ ചേർന്നു കഴിഞ്ഞപ്പോൾ കണ്ടുമുട്ടലുകൾ തനിയെ ഇല്ലാതായി. പിന്നീടുള്ള ഏഴു വർഷക്കാലം ക്രിസ്മസ് കാർഡുകളായിരുന്നു ഞങ്ങളുടെ കുടുംബത്തിന്റെ ബന്ധം പുതുക്കാൻ സഹായിച്ചത്.
ഹൈസ്കൂൾ വിദ്യാഭ്യാസ കാലത്ത് മറ്റൊരു സുഹൃത്ത് വഴിയാണ് ഞങ്ങൾക്കിടയിൽ വീണ്ടും സൗഹൃദം ഉടലെടുത്തത്. തുടർന്നുള്ള രണ്ടാഴ്ചയ്ക്കിടയിൽ ഞങ്ങൾക്കിടയിൽ പ്രണയം മൊട്ടിടുകയും ചെയ്തു. തുടർ പഠനത്തിന് സ്കൂൾ മാറിയപ്പോഴും കോളജ് പഠനത്തിനായി മറ്റ് രാജ്യങ്ങളിൽ പോയപ്പോഴും ഞങ്ങൾ ഈ ബന്ധം മുറുക്കെ പിടിക്കുകയായിരുന്നു.
തുടർന്ന് 2015 മെയ് 23നാണ് എന്റെ പഴയ വാക്കു പാലിക്കാൻ ഞാൻ തീരുമാനിക്കുന്നത്. ആ പഴയ നഴ്സറി മുറിയിൽ വച്ച്തന്നെ ഞാൻ എന്റെ ജീവിതത്തിലേക്ക് അവളെ ക്ഷണിക്കുകയായിരുന്നു…..’
എന്തായാലും കുട്ടിക്കാലം മുതൽക്കെ സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് മാറ്റ്. ഇത്രയും നാളും നീണ്ട സൗഹൃദം ജീവിതത്തിലുടനീളം നീണ്ടു നിൽക്കട്ടെ എന്ന ആശംസ അർപ്പിച്ചെത്തിയിരിക്കുകയാണ് ഇരുവരുടെയും കഥയറിഞ്ഞ സുഹൃത്തുക്കൾ.