മട്ടാഞ്ചേരി: ഭാര്യയെ വെട്ടി കൊലപ്പെടുത്തിയശേഷം ഭർത്താവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കരുവേലിപ്പടി ആർ.കെ. പിള്ള റോഡിൽ സുഹറ മൻസിലിൽ ജാൻസി (42) ആണ് അതിദാരുണമായി മരിച്ചത്. ഭർത്താവ് പി.കെ. പരീക്കുട്ടി എന്നു വിളിക്കുന്ന റഫീക്കിനെ വീട്ടിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ രാത്രി ഒന്നരയോടെയാണു സംഭവമെന്നു സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സംഭവം തടയാനെത്തിയെന്നു കരുതുന്ന മൂന്നു മക്കൾക്കും വെട്ടേറ്റിട്ടുണ്ട്. സംഭവത്തെത്തുടർന്നു ഗുരുതര പരിക്കേറ്റ പതിനാലു വയസുകാരിയടക്കം മൂന്നു മക്കളെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തോപ്പുംപടി ഫിഷിംങ്ങ് ഹാർബറിലെ തൊഴിലാളിയാണു റഫീക്ക്. ഇന്നലെ വൈകിട്ട് ഭാര്യയും ഭർത്താവും വളരെ സന്തോഷത്തോടെയാണു വീട്ടിലെത്തിയതെന്നു പരിസരവാസികൾ പറഞ്ഞു. തറവാട് വിറ്റതിന്റെ നല്ലൊരു ഓഹരി കഴിഞ്ഞ നാലു മാസം മുന്‍പാണു ലഭിച്ചത്. അതിനാൽ സാന്പത്തിക ബുദ്ധിമുട്ട് ഉള്ളതായി അറിവില്ലെന്നും നാട്ടുകാർ പറയുന്നു. കൊലപാതകം എന്തിനായിരുന്നു എന്ന കാര്യം വ്യക്തമല്ല.
തോപ്പുംപടി പോലീസ് സ്ഥലത്ത് എത്തിയാണു മേൽനടപടികൾ സ്വീകരിച്ചത്. ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്കുമാറ്റി. പോലീസിന്റെ നേതൃത്വത്തിലാണു വെട്ടേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ പി. വിജയന്റെ നേതൃത്വത്തിൽ അന്വേഷണം അരംഭിച്ചു.