പള്ളുരുത്തി: മട്ടാഞ്ചേരി പാലസ് ചരിത്ര മ്യൂസിയം സ്വകാര്യ കന്പനിക്കു കൈമാറാൻ നീക്കം. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരം ട്രാവൽ കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണു കൈമാറുന്നത്.
സ്വകാര്യ കന്പനികൾക്കു കൈമാറാൻ കേന്ദ്ര സർക്കാർ തീരുമാനിച്ച രാജ്യത്തെ 95 ചരിത്രസ്മാരകങ്ങളിൽ ഒന്നാണു മട്ടാഞ്ചേരി കൊട്ടാരംകൊച്ചിരാജാവ് കേരളവർമയോടുള്ള ആദരസൂചകമായി പോർച്ചുഗീസുകാർ സമ്മാനിച്ചതാണു മട്ടാഞ്ചേരി പാലസ്. കേരളത്തിലെ ഏറ്റവും പൗരാണികമായ മന്ദിരങ്ങളിലൊന്നാണിത്.
പുരാതന ക്ഷേത്ര വാസ്തുശൈലിയും കൊത്തുപണികളും ഡച്ച്, പോർച്ചുഗീസ് വാസ്തുശൈലിയും കൊട്ടാരത്തിൽ കാണാം. കൊച്ചിരാജാക്കൻമാർ സഞ്ചരിച്ചിരുന്ന പല്ലക്കുകൾ, സിംഹാസനങ്ങൾ, ഉടവാളുകൾ രാജഭരണകാലത്തെ വസ്ത്രങ്ങൾ, ആയുധങ്ങൾ എന്നിവ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. അപൂർവമായ ചുവർചിത്രങ്ങളും ഈ കൊട്ടാരത്തിലുണ്ട്.
വിദേശികളും സ്വദേശികളുമായ നൂറുകണക്കിനു പേരാണ് ദിവസവും കൊട്ടാരം സന്ദർശിക്കുന്നത്.ഇതിനോടു ചേർന്നുള്ള സ്ഥലത്തുതന്നെയാണു ശിവക്ഷേത്രം. മ്യൂസിയത്തിന്റെ താഴെനിലയിൽ ക്ഷേത്രത്തിന്റെ പരദേവത, കുടുംബദേവത എന്നീ പ്രതിഷ്ഠകളുമുണ്ട്.
കൊച്ചി ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രത്തിൽ സർപ്പത്തറ, ഊട്ടുപുര, തീർഥക്കുളം എന്നിവയും മ്യൂസിയത്തോടു ചേർന്ന് സ്ഥിതി ചെയ്യുന്നു. കൊട്ടാരം കൈമാറാനുള്ള നീക്കത്തിൽ ഭക്തജനങ്ങളും ആശങ്കയിലാണ്.