കോട്ടയം: മറ്റക്കരയിൽ പ്രവർത്തിച്ചിരുന്നതു സമാന്തര ബിവറേജസ്. വരാന്ത്യ ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണുമുള്ള സ്ഥലങ്ങളിലുള്ളവർക്ക് എപ്പോൾ വേണമെങ്കിലും മദ്യം വില്പന നടത്തിയിരുന്ന സമാന്തരമായ ബിവറേജസായിരുന്നു മറ്റക്കരയിൽ നാളുകളായി പ്രവർത്തിച്ചിരുന്നത്.
മദ്യവില്പന നടത്തിയിരുന്ന അകലക്കുന്നം മറ്റക്കര മൂരിപ്പാറ വീട്ടിൽ എം.എം. ജോസഫി (അപ്പച്ചൻ)നെ പാന്പാടി എക്സൈസ് സംഘം പിടികൂടി.
ഇയാളുടെ പക്കൽ നിന്നും 110 കുപ്പികളായി സൂക്ഷിച്ചിരുന്ന 55 ലിറ്റർ മദ്യവും എക്സൈസ് അധികൃതർ പിടിച്ചെടുത്തു. മദ്യം വിൽപ്പന നടത്തികിട്ടിയ 18500 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു.
മദ്യകുപ്പികൾ ചെറുചാക്കുകളിലാക്കി വീട്ടുപരിസരത്ത് കുഴിയെടുത്ത് അതിലൊളിപ്പിച്ചശേഷം ചപ്പു ചവറുകൾ ഇട്ടു കുഴിമുടുകയായിരുന്നു ഇയാളുടെ രീതി.
എക്സൈസ് നടത്തിയ ആദ്യ പരിശോധനയിൽ മദ്യകുപ്പികൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പീന്നിട് വിശദമായി നടത്തിയ പരിശോധനയിലാണ് ചപ്പു ചവറുകൾ ഇട്ട് മൂടിയ കുഴി കണ്ടെടുത്തത്.
അടുത്ത ശനിയും ഞായറും വില്പന നടത്താനായിട്ടായിരുന്നു ഇയാൾ ഇത്രയും മദ്യം വാങ്ങി സൂക്ഷിച്ചിരുന്നത്. കുപ്പിയ്ക്കു 200 രൂപയിൽ അധികം ഈടാക്കിയായിരുന്നു ഇയാൾ വില്പന നടത്തിയിരുന്നത്.
അപ്പച്ചൻ മദ്യവില്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു.
പാന്പാടി എക്സൈസ് ഇൻസ്പെക്്ടർ പി.കെ. സതീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.