മട്ടന്നൂർ: കണ്ണൂർ വിമാനത്താവള നഗരമായ മട്ടന്നൂർ ബസ് സ്റ്റാൻഡിൽ ബസ് വെയിറ്റിംഗ് ഷെൽട്ടർ നിർമിക്കുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഷെൽട്ടറിന്റെ നിർമാണ പ്രവൃത്തി ആരംഭിക്കുന്നതിന് ഷീറ്റ് ഉപയോഗിച്ച് വേലി കെട്ടിയതോടെയാണ് കുരുക്ക് രൂക്ഷമായത്. തിരക്ക് കൊണ്ട് വീർപ്പുമുട്ടുന്ന മട്ടന്നൂർ ബസ് സ്റ്റാൻഡിലാണ് വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ വികസന ഫണ്ടായ 25 ലക്ഷം രൂപ ചെലവിൽ ഷെൽട്ടർ നിർമിക്കുന്നത്.
ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്നതിന്റെ വലതുഭാഗത്താണ് ഷെൽട്ടർ നിർമാണം. നിലവിലെ ഷെൽട്ടർ പൊളിച്ച് നീക്കി കൂടുതൽ സൗകര്യത്തോടെ പുതിയത് പണിയുമ്പോൾ സ്റ്റാൻഡ് ചുരുങ്ങുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്.
ഒരേ സമയം പത്ത് ബസുകൾ മാത്രം നിർത്തിയിടാൻ മാത്രമാണ് സ്റ്റാൻഡിൽ സൗകര്യമുള്ളത്. ഇതിനിടെയാണ് സ്റ്റാൻഡിലെ സ്ഥലം ഉപയോഗിച്ച് ഷെൽട്ടൽ കൂടി നിർമിക്കുന്നത്. നിർമാണ പ്രവൃത്തിയുടെ ഭാഗമായി വേലി കെട്ടിയതോടെ ഇരിക്കൂർ, അഞ്ചരക്കണ്ടി, ശിവപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകേണ്ട ബസുകൾ നിർത്തിയിടാൻ പ്രയാസപ്പെടുകയാണ്.
സ്റ്റാൻഡിന്റെ ഇരു ഭാഗങ്ങളിലും ബസുകൾ നിർത്തിയിടുന്നതിനാൽ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ബസുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റാൻഡിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ നിർത്തിയിടുന്നത് അപകടങ്ങൾക്ക് ഇടയാക്കുകയാണ്. ഷെൽട്ടർ നിർമിക്കുന്ന സ്ഥലത്ത് ഓട്ടോറിക്ഷ പാർക്കിംഗ് ഏർപ്പെടുത്തിയിരുന്നു.
വേലി കെട്ടിയതോടെ പകുതി ഓട്ടോറിക്ഷ റോഡരികിലാണ് നിർത്തിയിടുന്നത്. ബസ് സ്റ്റാൻഡിന്റെ സൗകര്യം വർധിപ്പിക്കണമെന്നാവശ്യം ശക്തമാകുമ്പോഴാണ് ഷെൽട്ടർ നിർമിച്ച് നിലവിലുള്ള സൗകര്യം കുറയ്ക്കുന്നത്. വിമാനത്താവള നഗരമായിട്ടും മട്ടന്നൂർ ബസ് സ്റ്റാൻഡ് വികസിപ്പിക്കാതെ സൗകര്യം കുറയുന്നത് ജനങ്ങളിലും ബസ് ജീവനക്കാരിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. വീർപ്പുമുട്ടുന്ന ബസ് സ്റ്റാൻഡിൽ കൂടുതൽ സ്ഥലമെടുത്ത് ഷെൽട്ടർ നിർമിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് നാട്ടുകാർ പറയുന്നു.