മട്ടന്നൂർ: മാലൂർ തോലന്പ്രയിൽ സിപിഎം ഓഫീസ് കത്തിച്ചു. തോലമ്പ്ര ശാസ്ത്രിനഗറിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീവച്ചത്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. ഓഫീസിലെ ഫർണിച്ചറുകളും കൊടിതോരണങ്ങളും വാതിലും ജനലും ഉൾപ്പെടെയുള്ളവ പൂർണമായും കത്തി നശിച്ചു.
ഓഫീസിൽ സൂക്ഷിച്ചിരുന്ന 50 ഫൈബർ കസേലകൾ കത്തി നശിച്ചു. ഓഫീസിനകത്തേക്ക് പെട്രോൾ ഒഴിച്ച് തീവച്ചതാണെന്നാണ് സംശയിക്കുന്നത്. ഒരു വർഷം മുമ്പ് ഈ ഓഫീസിന് നേരെ ആക്രമണം നടന്നിരുന്നു. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. ബ്രാഞ്ച് സെക്രട്ടറി കെ.രാജേഷിന്റെ പരാതി പ്രകാരം മാലൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.