മട്ടന്നൂർ: വയോജനങ്ങൾക്ക് ലഘുഭക്ഷണങ്ങൾ നൽകി മട്ടന്നൂർ നഗരസഭ മാതൃകയാവുന്നു. പരിശോധനാ കേന്ദ്രങ്ങളിലെത്തുന്ന മുഴുവൻ വയോധികർക്കുമാണ് ഭക്ഷണം നൽകുന്ന പദ്ധതി നടപ്പിലാക്കിയത്. നഗരസഭയിലെ 35 വാർഡുകളിലുള്ള വയോധികരെ 26 കേന്ദ്രങ്ങളിൽ വച്ചാണ് പരിശോധിക്കുന്നത്.പരിശോധനയിൽ പങ്കെടുക്കാനെത്തുന്നവർക്കാണ് ചായയും പലഹാരവും നൽകുന്നത്.
മാസത്തിൽ രണ്ടു തവണകളിലായാണ് ഓരോ കേന്ദ്രങ്ങളിലും വച്ചു വയോധികരെ പരിശോധിക്കുന്നത്. ആഴ്ച്ചയിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ് പരിശോധിക്കുക.
ക്യാമ്പിലെത്തുന്ന വയോധികർക്ക് ലഘുഭക്ഷണം നൽകുന്നതിന് രണ്ടര ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്.
കുടുംബശ്രീ പ്രവർത്തകർ മുഖേനയാണ് ഭക്ഷണം നൽകുന്നത്. ഡോക്ടർ സരേന്ദ്രനാഥിന്റെ നേതൃത്വത്തിലാണ് വയോധികരെ പരിശോധിക്കുന്നത്. വയോധികരുടെ ക്ഷേമത്തിനായുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഡോക്ടർ പറഞ്ഞു. നഗരസഭയിലെ രണ്ടായിരത്തോളം വയോധികരെയാണ് വിവിധ ദിവസങ്ങളിലായി പരിശോധിച്ച് മരുന്ന് നൽകുന്നത്. ഡോക്ടർക്കൊപ്പം സഹായത്തിന് രണ്ട് നഴ്സുമാരുമുണ്ട്.
ഓരോ ക്യാമ്പുകളിലെത്തുന്ന രോഗികൾക്ക് മരുന്നും സൗജന്യമായി നൽകുന്നുണ്ട്. ലഘുഭക്ഷണം നൽകുന്നത് നല്ലയൊരു പ്രവർത്തനമാണെന്ന് വയോധികർ പറഞ്ഞു.താലൂക്ക് ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും പോകാതെ വീടിന് സമീപത്തുള്ള സ്ഥലത്ത് ക്യാമ്പുകൾ വച്ചു പരിശോധിക്കുന്നത് വയോധികർക്ക് ആശ്യാസമായിരിക്കുകയാണ്.
ഓരോ കേന്ദ്രങ്ങളിലും 60 ഓളം വയോധികരാണ് എത്തുന്നത്. ക്യാമ്പുകളിൽ വയോധികർക്ക് ലഘുഭക്ഷണം നൽകുന്ന പദ്ധതി കേരളത്തിൽ മട്ടന്നൂർ നഗരസഭയിൽ മാത്രമാണുള്ളതെന്നും കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി ഈ വർഷവും നടപ്പിലാക്കുകയാണെന്ന് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.പി.ഇസ്മായിൽ പറഞ്ഞു.