മട്ടന്നൂർ: പോലീസുകാരുടെ മാന്യമായ പെരുമാറ്റം നല്ലയൊരു അനുഭവമായെന്ന് കാണിച്ച് മട്ടന്നൂർ എസ്ഐക്ക് കർണാടക സ്വദേശിയുടെ കത്ത്. വീരാജ് പേട്ടയിലെ സന്ധ്യാ നിവാസിൽ ടി.കെ.ഗംഗാധറാണ് മട്ടന്നൂർ എസ്ഐ ടി.വി.ധനഞ്ജയദാസിന് കത്തയച്ചത്.
കഴിഞ്ഞ മാസം 29ന് ഗംഗാധറും കുടുംബവും സഞ്ചരിച്ച കാറും മറ്റൊരു വാഹനവുമായി മട്ടന്നൂരിൽ വച്ചു തട്ടിയിരുന്നു. കർണാടകത്തിൽ നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. എതിർ വാഹനയാത്രക്കാർ ഗംഗാധറോട് തട്ടിക്കയറുകയും പ്രശ്നമാക്കുകയും ചെയ്തതോടെ പ്രശ്ന പരിഹാരത്തിന് ഗംഗാധർ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
സ്റ്റേഷനിലെത്തി എസ്ഐയുമായി സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുകയും ചെയ്തിരുന്നു. “നിങ്ങളുടെ സ്റ്റേഷനിൽ എനിക്ക് നല്ലൊരു അനുഭവമായിരുന്നു. നിങ്ങളുടെയും സഹപ്രവർത്തകരുടെയും ജനങ്ങളോടുള്ള പെരുമാറ്റം മനസിൽ തട്ടുന്നതായിരുന്നു.
ഇങ്ങനെയൊരു അനുഭവം എന്റെ 35 വർഷത്തെ പൊതു ജീവിതത്തിൽ എനിക്ക് അനുഭവിക്കാൻ അവസരം ഒരുക്കി തന്ന താങ്കൾക്കും സഹപ്രവർത്തകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായാണ് കത്തിൽ എഴുതിയിരുന്നത്.