മട്ടന്നൂർ: സ്വകാര്യ ബസിൽ സ്കൂൾ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും തള്ളിയിടുകയും ചെയ്ത സംഭവത്തിൽ പ്രതിക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ മട്ടന്നൂരിനടുത്തായിരുന്നു സംഭവം.
പ്ലസ്ടു വിദ്യാർഥിനി അമ്മയെ മട്ടന്നൂരിലെ ആശുപത്രിയിൽ കാണിച്ചു തിരിച്ചു പോകുന്നതിനിടെയായിരുന്നു സംഭവം. ബസ് യാത്രക്കാരനായ യുവാവ് വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും ഇതു ചോദ്യം ചെയ്തപ്പോൾ തള്ളിയിട്ടുവെന്നുമായിരുന്നു പരാതി. വിദ്യാർഥിനിയുടെ പരാതി പ്രകാരം മട്ടന്നൂർ പോലീസ് പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിനിടെ കേസ് വഴിതിരിച്ചു വിടാൻ യുവാവ് ശ്രമം നടത്തിയതായി വിവരമുണ്ട്. നാട്ടുകാർ മർദിച്ചുവെന്ന് ആരോപിച്ചു പ്രതിയായ യുവാവ് തലശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പോലീസ് ആശുപത്രിയിലെത്തിയെങ്കിലും ഇയാളെ പിടികൂടാനായില്ല.