മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവള നഗരമായ മട്ടന്നൂരിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മണിക്കൂറുകളോളമാണ് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്. വിമാനത്താവളം യാഥാർഥ്യമാകുന്നതിന് മുമ്പേ റോഡ് വീതി കൂട്ടി നവീകരിക്കാൻ അധികൃതർ നടപടി ആരംഭിച്ചിരുന്നുവെങ്കിലും വിമാനത്താവളം പ്രവർത്തനം തുടങ്ങി നാല് മാസം തികഞ്ഞിട്ടും റോഡ് നവീകരണം എങ്ങുമെത്താത്തതാണ് നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്.
മട്ടന്നൂർ – തലശേരി, മട്ടന്നൂർ -കണ്ണൂർ, ഇരിട്ടി റോഡുകളിലാണ് ഗതാഗത തടസമുണ്ടാകുന്നത്. ഇതു കാരണം വിമാനത്താവളത്തിലേക്ക് പോകേണ്ട യാത്രക്കാർ പ്രയാസപ്പെടുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നത്. സ്വകാര്യ വാഹനങ്ങൾ കടകൾക്ക് മുന്നിൽ നിർത്തിയിടുന്നത് വ്യാപാരികൾക്കും ദുരിതമാകുന്നുണ്ട്.
റോഡരികിലെ വാഹന പാർക്കിംഗ് ഒഴിവാക്കിയാൽ തന്നെ ഒരു പരിധി വരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയും. നഗരസഭയും പോലീസും ഇടപ്പെട്ട് ഇതിന് മുന്നിട്ട് ഇറങ്ങേണ്ടതാണ്. തലശേരി – വളവുപാറ റോഡ് നവീകരണം മട്ടന്നൂർ നഗരത്തിൽ പൂർത്തിയായാൽ കുറച്ച് ആശ്വാസമാകും. എന്നാൽ നിർമാണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനാൽ നഗരത്തിൽ പ്രവൃത്തി എപ്പോൾ നടക്കുമെന്നറിയില്ല.