മട്ടന്നൂർ: മട്ടന്നൂർ ബസ്സ്റ്റാൻഡിലെ ശോചനീയാവസ്ഥയിലായ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം പൊളിച്ചുനീക്കാത്തത് അപകടഭീഷണി ഉയർത്തുന്നു. രണ്ടു മാസം മുമ്പേ കെട്ടിടം പൊളിക്കാൻ നഗരസഭ കരാർ നൽകിയെങ്കിലും കെട്ടിടം പൊളിക്കുന്നത് നീളുകയാണ്. വർഷങ്ങൾ പഴക്കമുള്ള നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിന്റെ കോൺക്രീറ്റ് അടർന്നു വീഴുന്നത് പതിവ് സംഭവമായിരുന്നു.
ചോർച്ചയും സീലിംഗ് അടർന്നു വീഴുന്നതും കാരണം കെട്ടിടത്തിലെ 15 ഓളം വ്യാപാരികളെ ഒഴിപ്പിക്കുകയായിരുന്നു. പത്തുമാസം മുമ്പേ കെട്ടിടത്തിലെ മുഴുവൻ വ്യാപാരികളെയും ഒഴിപ്പിച്ചു സമീപത്തെ നഗരസഭയുടെ കെട്ടിടത്തിൽ തന്നെ പുനരധിവാസം നൽകിയിരുന്നു. ഏതു നിമിഷവും കെട്ടിടം തകർന്നു വീഴുമെന്ന അവസ്ഥയിലെത്തിയതോടെയാണ് വ്യാപാരികളെ ഒഴിപ്പിച്ചു കെട്ടിടം പൊളിച്ചുമാറ്റാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്.
ഇതേതുടർന്നു ടെൻഡർ നടപടികൾ നടത്തുകയും 87,000 രൂപയ്ക്കു കെട്ടിടം പൊളിക്കാൻ ടെൻഡർ നൽകുകയും ചെയ്തു. രണ്ടു മാസം മുമ്പേ കരാർ ഏറ്റെടുക്കുകയും ജൂൺ 10 നുള്ളിൽ പൊളിച്ചുമാറ്റണമെന്നും നിർദ്ദേശമുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് കരാറുകാരൻ തൊഴിലാളികളുമായെത്തി കെട്ടിടത്തിലെ ചില ജനലും വാതിലുകളും അഴിച്ചു വച്ച് പോയതല്ലാതെ കെട്ടിടം പൊളിക്കാൻ തുടങ്ങിയില്ല.
അപകടാവസ്ഥയിലായ കെട്ടിടത്തിനോടു ചേർന്നു നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുകയും യാത്രക്കാർ ബസ് കാത്തുനിൽക്കുന്നതും ടാക്സികൾ നിർത്തിയിടുകയും ചെയ്യുന്നുണ്ട്. നിരവധി തവണ സീലിംഗ് അടർന്നു വീണെങ്കിലും യാത്രക്കാർ ഭാഗ്യം കൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെടുന്നത്. കെട്ടിടം ഉടൻ പൊളിച്ചു നീക്കി അപകടം ഒഴിവാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.